കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും നവജാത ശിശുക്കള്‍ക്ക് പോപ്പീസ് സൗജന്യമായി വസ്ത്രം നല്‍കും

സ്വന്തം ലേഖകന്‍

 

കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രിയിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് പോപ്പീസ് ബേബി കെയര്‍ സൗജന്യമായി വസ്ത്രം നല്‍കും. നവജാത ശിശുക്കള്‍ക്ക് വസ്ത്രം ലഭിക്കാന്‍ നേരിടുന്ന പ്രയാസം വ്യാഴാഴ്ച മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പോപ്പീസ് ബേബി കെയര്‍ സി.എം.ഡി. ഷാജു തോമസ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും വസ്ത്രങ്ങള്‍ നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.

 

തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്കുള്ള വസ്ത്രം എത്തിക്കാന്‍ പോപ്പീസിന് മുഖ്യമന്ത്രി അനുമതി നല്‍കി. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോപ്പീസ് ഏറ്റെടുത്ത ഉദ്യമത്തെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോവിഡ് 19 ചെറുക്കുന്നതിന്‍റെ ഭാഗമായി പോപ്പീസ് ബേബി കെയര്‍ പുനരുപയോഗ യോഗ്യമായ മാസ്ക്കുകള്‍ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാറിയിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പോപ്പീസ് ഫാക്ടറിയില്‍ നിര്‍മിച്ച പുനരുപയോഗ യോഗ്യമായ ലക്ഷക്കണക്കിന് മാസ്ക്കുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തത്.