സ്വന്തം ലേഖകന്‍
കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ 500 കോടി രൂപ പ്രഖ്യാപിച്ച് ടാറ്റ ട്രസ്റ്റ്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക, രോഗികള്‍ക്കുള്ള ശ്വസനസംവിധാനം ഏര്‍പ്പെടുത്തുക, കൂടുതല്‍ ടെസ്റ്റിങ് കിറ്റ് ലഭ്യമാക്കുക, വൈറസ് ബാധിതര്‍ക്ക് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണവും പരിശീലനവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും.
ഇന്ത്യയിലെയും ലോകത്തിലെയും ഗുരുതരസ്ഥിതി പരിഗണിച്ചാണ് തീരുമാനമെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു. ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും ടാറ്റ ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്നാണ് തുക ലഭ്യമാക്കുക. രാജ്യത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടാറ്റ മുമ്പും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വിഷമഘട്ടം അസാധാരണമാണ്. മുമ്പുണ്ടായിട്ടുള്ളതിനേക്കാള്‍ ഗുരുതരമാണ് സ്ഥിതി. മനുഷ്യരാശി നേരിടുന്ന ഈ വെല്ലുവിളി നേരിടാന്‍ അടിയന്തരസഹായം എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

