സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആയുഷിനു നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍

 

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് സാനിറ്റൈസര്‍ പോലുള്ള അവശ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആയുഷ് മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ വിഭവങ്ങള്‍ വിനിയോഗിക്കാമെന്ന് പ്രധാനമന്ത്രി. വിവിധ സംസ്ഥാനങ്ങളിലെ ആയുഷ് പരിശീലകരുമായി നടത്തിയ ടെലി കോണ്‍ഫറന്‍സ് സംവദനത്തിലാണ് ഈ നിര്‍ദ്ദേശം. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ സേവിക്കാനുള്ള ആഗ്രഹവും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരമ്പരാഗത സമ്പ്രദായങ്ങളുടെ സ്വാധീനം, രോഗ ലക്ഷണ ചികിത്സയ്ക്കായി ഗവേഷണം നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ആയുഷ് പരിശീലകര്‍ പ്രധാനമന്ത്രിയുമായി ടെലി കോണ്‍ഫറന്‍സ് മുഖേന സംവദിച്ചു.

 

ലോകമെമ്പാടുമുള്ള ഇന്ത്യയുടെ പരമ്പരാഗത മരുന്നുകളെക്കുറിച്ചും മെഡിക്കല്‍ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതിന്‍റെ പ്രാധാന്യം പ്രധാനമന്ത്രി വിശദീകരിച്ചു. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രവര്‍ത്തനത്തിനായി ആയുഷ് ശാത്രജ്ഞരും ഐസിഎംആര്‍, സിഎസ്ഐആറും മറ്റു ഗവേഷണ സംഘടനകളും ഒത്തുചേരേണ്ടതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വെല്ലുവിളിയെ നേരിടാന്‍ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ഉപയോഗിക്കാന്‍ രാജ്യം തയ്യാറായിരിക്കണമെന്നും ആവശ്യമുണ്ടെങ്കില്‍ ആയുഷുമായി ബന്ധമുള്ള സ്വകാര്യ ഡോക്ടര്‍മാരുടെ സഹായം സര്‍ക്കാര്‍ തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.