സ്വന്തം ലേഖകന്‍
സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധയാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ഏപ്രില്‍ നാലുമുതല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസര്‍കോഡ് ജില്ലയില്‍ ഇളവ് ബാധകമല്ല. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്‍റെ വില്പന നടത്തുവാന്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
ട്രോളിംഗ് ബോട്ടുകള്‍, കമ്പവല, തട്ടമടി തുടങ്ങിയവഴിയുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു. മത്സ്യത്തിന്‍റെ വില നിശ്ചയിക്കുക കളക്ടര്‍ ചെയര്‍മാനായ ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികളായിരിക്കും. മത്സ്യ ലഭ്യത അനുസരിച്ച് ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കും. ജില്ലകളിലെ പ്രധാന ഹാര്‍ബറില്‍ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളില്‍ ഈടാക്കുക.മൊത്തകച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മുന്‍കൂട്ടിയുള്ള ബുക്കിംഗ് വഴി മത്സ്യം വാങ്ങാം. ബുക്കിംഗിനായി ഫിഷറീസ് വകുപ്പ് പുതിയ ഐ.ടി ആപ്ലിക്കേഷന്‍ തയ്യാറാക്കി. ബുക്കിംഗുകളുടെ മുന്‍ഗണനാക്രമത്തില്‍ ഹാര്‍ബറുകളില്‍ നിന്ന് വാഹനങ്ങളില്‍ മത്സ്യം വാങ്ങാം.
അനുമതി ഏപ്രില്‍ നാല് മുതല്‍
ട്രോളിംഗ് ബോട്ടുകള്‍ക്ക് നിരോധനം
മത്സ്യലേലത്തിന് നിരോധനം
ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികള്‍ മത്സ്യവില നിശ്ചയിക്കും
കാസര്‍കോഡ് ജില്ലയ്ക്ക് ഇളവില്ല
മത്സ്യബന്ധന തുറമുഖങ്ങളിലും ലാന്‍റിംഗ് സെന്‍ററുകളിലും യാതൊരുവിധ തിക്കുംതിരക്കും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട വില്പനക്കാര്‍ക്ക് മാര്‍ക്കറ്റ് പോയിന്‍റുകള്‍ നിശ്ചയിച്ചുനല്‍കി അവര്‍ക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് എത്തിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അവശ്യമുള്ള മത്സ്യത്തിന്‍റെ അളവ് ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികളെ മുന്‍കൂട്ടി അറിയിക്കണം. മത്സ്യ വില്‍പനയിലൂടെ ലഭിക്കുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഹാര്‍ബറുകളിലും മാര്‍ക്കറ്റുകളിലും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. ലാന്‍റിംഗ് സെന്‍ററുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ്, പോലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥാര്‍ക്കാണ് ചുമതല. മത്സ്യചന്തകള്‍ രാവിലെ ഏഴ് മുതല്‍ 11 വരെയാണ് പ്രവര്‍ത്തിക്കുക. മത്സ്യം വാങ്ങാനെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. നിയന്ത്രണം ലംഘിക്കുന്ന സെന്‍ററുകളും മാര്‍ക്കറ്റുകളും അടയ്ക്കുമെന്നും മന്ത്രി അറിയിച്ചു. തുറകളിലെ തൊഴിലാളികളെ നിയന്ത്രണങ്ങള്‍ അറിയിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ രണ്ടു ദിവസം യോഗങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

