ഇന്ത്യയ്ക്ക് ലോക ബാങ്കിന്‍റെ 100 കോടി ഡോളര്‍ അടിയന്തിര സഹായം

സ്വന്തം ലേഖകന്‍

 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഇന്ത്യയ്ക്ക് ലോകബാങ്ക് സഹായം. 100 കോടി ഡോളറാണ് ലോകബാങ്ക് ഇന്ത്യയ്ക്ക് നല്‍കുക. രോഗബാധിതരെ കണ്ടെത്തുക, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്.

 

ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ഇന്ത്യയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. അയല്‍രാജ്യങ്ങളായ പാകിസ്താന് 20 കോടി ഡോളറും അഫ്ഗാനിസ്താന് 10 കോടി ഡോളറും ലോകബാങ്ക് അനുവദിച്ചു. ശ്രീലങ്കയ്ക്ക് 12.86 കോടി, മാലദ്വപിന് 73 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ 25 രാജ്യങ്ങള്‍ക്കായി 190കോടി ഡോളറിന്‍റെ പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പിന്നീടത് 45 രാജ്യങ്ങള്‍ക്കായി പുനര്‍നിര്‍ണയിച്ചു.