കൊറോണ; എന്താണ് റാപ്പിഡ് ടെസ്റ്റ് ?

സ്വന്തം ലേഖകന്‍

 

പ്രാഥമിക സ്ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും.ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.

 

രക്ത പരിശോധനയിലൂടെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന ആന്‍റിബോഡികള്‍ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്‍റിബോഡികള്‍ നിര്‍മിച്ച് തുടങ്ങും. ഈ ആന്‍റിബോഡികള്‍ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധന രീതി. കൊറോണ വൈറസ് മാത്രമല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ്ടെ സ്റ്റാണ് ഉപയോഗിക്കുന്നത്.