സ്വന്തം ലേഖകന്‍
കോവിഡ്19 പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതല്‍ ഷീ ടാക്സി എത്തും. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും അപ്പോയ്ന്‍മെന്‍റ് എടുത്തവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും ഷീ ടാക്സി സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്സിയുടെ സേവനം തുടക്കത്തില്‍ ലഭ്യമാവുക. ഷീ ടാക്സി സേവനം ആവശ്യമുള്ളവര്‍ക്ക് കേന്ദ്രീകൃത കോള്‍ സെന്‍ററിലേക്ക് 7306701200, 7306701400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്‍ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി ഈ മൊബൈല്‍ നമ്പരിലേക്ക് വാട്സാപ്പ് മുഖേന അയച്ചു കൊടുക്കണം.

