നന്ദി, മൈ ഡിയര്‍ കേരളം

സ്വന്തം ലേഖകന്‍

 

കോവിഡിനെതിരെ മികച്ച പരിചരണം നല്‍കിയ കേരളത്തോട് നന്ദി പറഞ്ഞ് രോഗമുക്തരായ ബ്രിട്ടീഷ് പൗരന്മാര്‍. കോവിഡ് മുക്തരായ സ്റ്റീവന്‍ ഹാന്‍കോക്ക് (61), ഭാര്യ ആന്‍ വില്യം (61), ജാനറ്റ് ലൈ (83), ജെയിന്‍ എലിസബത്ത് ജാക്സണ്‍ (63) എന്നിവരാണു ഇന്നലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രി വിട്ടത്.സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തി നൂറ് ദിവസം പിന്നിടുമ്പോള്‍ കേരളത്തിന്‍റെ ആരോഗ്യസംവിധാനം മുഴുവന്‍ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണ്, കൊച്ചു കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ മറ്റൊരു നേട്ടമായി എട്ട് വിദേശപൗരര്‍ ആശുപത്രി വിടുന്നത്.

 

തളര്‍ന്നു പൊട്ടിക്കരഞ്ഞ സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ താങ്ങായി കൂടെനിന്ന് ആത്മവിശ്വാസം പകര്‍ന്നെന്നാണ് ആന്‍ വില്യത്തിന്‍റെ വെളിപ്പെടുത്തല്‍. ഇവര്‍ ഇനി ബോള്‍ഗാട്ടിയിലെ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയും. പിന്നീടാവും സ്വദേശത്തേക്കു മടക്കം. "ഞങ്ങള്‍ക്ക് ലഭിച്ച പരിചരണം മികച്ചതായിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഇത്ര മികച്ച ചികിത്സ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. തികച്ചും സന്തോഷം", എന്ന് സ്റ്റീവന്‍ ഹാന്‍കോക്ക് പറയുന്നു.