കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം

സ്വന്തം ലേഖകന്‍

 

കോവിഡ് - 19 നിടയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മികവിന് ദേശീയ തലത്തില്‍ അംഗീകാരം. മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം ( നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍റേര്‍ഡ് - എന്‍.ക്യൂ.എ.എസ്) ലഭിച്ചു.

 

95 ശതമാനം പോയിന്‍റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്‍റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്‍റോടെ തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടുന്നത്. ഇതോടെ രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിലായി.

 

തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവ 99 ശതമാനം പോയിന്‍റ് കരസ്ഥമാക്കിയിരുന്നു. സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തത്. രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം വരാനുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ ഉയര്‍ന്ന നേട്ടത്തിലേക്ക് എത്തിച്ചത്.