കൊറോണ: വിദേശ തൊഴിലാളികള്‍ക്ക് പരിധി നിശ്ചയിച്ച് യു.എ.ഇ

സ്വന്തം ലേഖകന്‍

 

കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെ വിദേശ രാജ്യങ്ങളിലെ തൊഴിലാളികളുടെ നിയമനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി യു.എ.ഇ. സ്വകാര്യ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനത്തിലധികം വിദേശികളെ അനുവദിക്കേണ്ടെന്നും യു.എ.ഇ തീരുമാനിച്ചു. മന്ത്രാലയവുമായി സഹകരിക്കാത്ത രാജ്യങ്ങളിലെ അധികാരികള്‍ തമ്മിലുള്ള ധാരണാപത്രം നിര്‍ത്തലാക്കുന്നതും ഭാവിയില്‍ നിയമനത്തിനായി നിയന്ത്രണങ്ങളോ വിസാ ക്വാട്ടകളോ ഏര്‍പ്പെടുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

 

കൊവിഡ് പരിഹരിക്കപ്പെട്ടതിന് ശേഷം നടപ്പിലാക്കാനാണ് യു.എ.ഇ തീരുമാനിച്ചിട്ടുള്ളത്. ഈ തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടു പോകാന്‍ നടപടി സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രവാസികളെ തിരിച്ചു വിളിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വസമ്മതിച്ചതിനെ തുടര്‍ന്നാണ് നീക്കം.

 

പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു വിളിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലടക്കം നിശ്ചിത ശതമാനത്തിലധികം വിദേശീയരെ അനുവദിക്കില്ല.