അഞ്ചര ലക്ഷം ആന്‍റി ബോഡി ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി; സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും

സ്വന്തം ലേഖകന്‍

 

ഇന്ത്യ ആവശ്യപ്പെട്ടതുപ്രകാരം ചൈനയില്‍ നിന്ന് കയറ്റി അയച്ച കൊവിഡ് പരിശോധനാ കിറ്റുകള്‍ ഇന്ത്യയിലെത്തി. അഞ്ചര ലക്ഷം ആന്‍റി ബോഡി ടെസ്റ്റിങ് കിറ്റുകളും ഒരു ലക്ഷം ആര്‍.എന്‍.എ എക്സ്ട്രാക്ഷന്‍ കിറ്റുകളുമാണ് ചൈന ഇന്ത്യയിലേക്കയച്ചത്.

 

15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര്‍ ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന്‍ വൈകുകയായിരുന്നു. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുതുടങ്ങും.

 

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, ബീജിങിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവരുടെ ഇടപെടലിലൂടെയാണ് കിറ്റുകള്‍ ഉപ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തേക്കെത്തിക്കാന്‍ നടപടിയുണ്ടായത്.

 

മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതും മരുന്ന് ഉല്‍പ്പാദന-വിതരണ ശൃംഖല തുറന്നിടുന്നതും ചൈനയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുന്നതിനുള്ള അനുകൂല സൂചനയാണെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ട് മില്യണ്‍ കിറ്റുകള്‍ കൂടി ചൈനയില്‍ നിന്ന് എത്തുമെന്ന് അദ്ദേഹം അറിയിച്ചു.