സ്വന്തം ലേഖകന്‍
കൂടുതല്‍ ഇളവുകള്‍ വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ തോട്ടംമേഖലയെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി.
ഏലം ഉള്‍പ്പെടെ എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളും കവുങ്ങ്, തെങ്ങ് ഉള്‍പ്പെടെയുള്ള തോട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും. നേരത്തേ കാപ്പി, തേയില, റബ്ബര്‍ തോട്ടങ്ങള്‍ക്ക് 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ഥന മാനിച്ചാണ് തോട്ടം മേഖലയെ പൂര്‍ണമായും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയത്. സഹകരണ സംഘങ്ങള്‍ക്കും ഏപ്രില്‍ 20ന് ശേഷം തുറന്നു പ്രവര്‍ത്തിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. വനത്തോടടുത്ത് ജീവിക്കുന്നവര്‍ക്ക് വന വിഭവ ശേഖരണത്തിനും ഇളവ് നല്‍കിയിട്ടുണ്ട്.
ബാങ്ക് ഇതര മൈക്രോ ഫിനാന്‍സിങ് മേഖല, സഹകരണ മേഖല, ജല വിതരണം, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നത്, വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നത് എന്നിവക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളായ സ്ഥലങ്ങളിലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. തിങ്കളാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

