കയറ്റിറക്കുമതി മേഖലക്ക് പൂര്‍ണ പിന്തുണ, ഇളവുകള്‍ ലഭ്യമാക്കും

സ്വന്തം ലേഖകന്‍

 

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കയറ്റിറക്കുമതി മേഖലയ്ക്ക് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ചെയര്‍പേഴ്സന്‍ ഡോ. എം ബീന ഐ എ എസ്. ഗ്രൗണ്ട് കാര്‍ഗോ റെന്‍റ് ഇളവും കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഇളവും സ്ഥാപനങ്ങള്‍ക്കുള്ള വാടക ഇളവും അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ പോര്‍ട്ടിന്‍റെ പരിഗണിയിലാണ്. ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ഇളവുകളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും അവര്‍ വ്യക്തമാക്കി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ കയറ്റിറക്കുമതി മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംഘടിപ്പിച്ച വെബ്നാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

കയറ്റിറക്കുമതിക്കാര്‍ക്കുള്ള റീഫണ്ടുകളും സേവനങ്ങളും എത്രയും വേഗത്തില്‍ ലഭ്യമാക്കാന്‍ കസ്റ്റംസ് ഹൗസ് ജാഗ്രത പാലിക്കുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ പി കെ മുഹമ്മദ് യൂസഫ് ഐ ആര്‍ എസ് വ്യക്തമാക്കി. കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതില്‍ കാലതാമസം സംഭവിച്ചാല്‍ ഈടാക്കുന്ന അധിക തുക ഇളവ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കയറ്റിറക്കുമതിക്കാര്‍ക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം പ്രഖ്യാപിക്കുന്ന എല്ലാ ഇളവുകളും കാലവിളംബം കൂടാതെ ലഭ്യമാക്കുമെന്ന് ജോയിന്‍റ് ഡയറക്ടര്‍ ജനറല്‍ ഫോറിന്‍ ട്രേഡ് കെ എം ഹരിലാല്‍ ഐ ടി എസ് ഉറപ്പു നല്‍കി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഗ്രൗണ്ട് റെന്‍റും കണ്ടെയ്നര്‍ ഡിറ്റന്‍ഷന്‍ ചാര്‍ജും ഇളവ് ചെയ്ത് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഡി പി വേള്‍ഡ് സി ഇ ഒ പ്രവീണ്‍ തോമസ് ജോസഫ് അറിയിച്ചു. കണ്ടെയ്നര്‍ ടെര്‍മിനലിലെ ചരക്കുനീക്കം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

 

കാഷ്യു എക്സ്പോര്‍ട് പ്രമോഷന്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ഡോ. ആര്‍ കെ ഭൂതേഷ്, സീഫുഡ് എക്സ്പോര്‍ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാനകൊച്ചിന്‍ കസ്റ്റം ബ്രോക്കേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് അലന്‍ ജോസ്, പ്രസിഡണ്ട് അലക്സ് കെ നൈനാന്‍, ആള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ടേഴ്സ് ഫോറം ചെയര്‍മാന്‍ രാജീവ് പാലിച്ച, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍സ് ചെയര്‍മാന്‍ ജോസ് പോള്‍ മാത്യു, കൊച്ചിന്‍ സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് കെ കെ പിള്ള, കൊച്ചിന്‍ സ്റ്റീമര്‍ ഏജന്‍റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇ കെ കൃഷ്ണകുമാര്‍, കൊച്ചിന്‍ കസ്റ്റം ബ്രോക്കേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് അലന്‍ ജോസ്, തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് എലൈറ്റ് വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫിക്കി ടാക്സേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍റണി തോമസ് കൊട്ടാരം മോഡറേറ്ററായിരുന്നു. ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു സ്വാഗതമാശംസിച്ചു.