കോവിഡ് രോഗികളില്ലാത്ത ആദ്യ സംസ്ഥാനമായി ഗോവ

സ്വന്തം ലേഖകന്‍

 

സജീവ കോവിഡ് കേസുകളില്ലാത്ത ആദ്യ സംസ്ഥാനമായി ഗോവ. ചികിത്സയിലുണ്ടായിരുന്ന ഏഴ് രോഗികളില്‍ അവസാനത്തെയാളും രോഗമുക്തി നേടിയതോടെയാണിതെന്ന് അധികൃതര്‍ അറിയിച്ചു. ' പൂജ്യത്തിന് ഇപ്പോള്‍ വലിയ മൂല്യമുണ്ട്. സംസ്ഥാനത്തെ എല്ലാ കോവിഡ് പോസിറ്റീവ് കേസുകളും നെഗറ്റീവായ കാര്യം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ' - ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു. ഇതിനായി പരിശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

 

കൊറോണ സ്ഥിരീകരിച്ച ഏഴ് രോഗികളാണ് ഗോവയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഏപ്രില്‍ 3 ന് ശേഷം പുതിയ പോസിറ്റീവുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുഖം പ്രാപിച്ച രോഗികളെ ഒരു പ്രത്യേക ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. വീട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പായി 14 ദിവസത്തേക്ക് ക്വാറന്‍റൈന്‍ ചെയ്യും.