ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കണ്ണൂര്‍ ജില്ലയില്‍ ;നിയന്ത്രണം കടുപ്പിക്കും

സ്വന്തം ലേഖകന്‍

 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂര്‍ മാറി. ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത് .ഇതോടെ ആകെ 104 പേര്‍ക്കാണ് കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍53 പേരാണ്നിലവില്‍ ജില്ലയില്‍ ചികിത്സയില്‍തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പതിവ് വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 

കണ്ണൂരിലെ ഒരു വീട്ടില്‍ 10 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായി. ഈ സാഹചര്യത്തില്‍വലിയ തോതില്‍ പരിശോധനകള്‍ക്ക് തീരുമാനിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിനായി പരിശോധനകള്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പോലീസ് പരിശോധനക്കെങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കും. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച മേഖലകള്‍ പൂര്‍ണമായും അടക്കും. പോലീസ് അനുമതിയോടെ ചുരുക്കം മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കും.

 

മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിന് ബാധകമാണെന്ന് ജനം ധരിക്കരുതെന്നും മെയ് മൂന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്നത് മറക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇന്ന് കണ്ണൂരില്‍ ലോക്ഡൗണ്‍ ലംഘിച്ച് വലിയ തോതില്‍ ജനം റോഡിലിറങ്ങിയിരുന്നു.