15000 കോടി രൂപയുടെ കൊവിഡ് പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍

 

കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് 15,000 കോടി രൂപയുടെ പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. മൂന്ന് ഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ 7,774 കോടി രൂപ വിനിയോഗിക്കും. ബാക്കി തുക ഇടത്തരം മേഖലകളെ സഹായിക്കുന്നതിനായി നാല് വര്‍ഷത്തിനുള്ളില്‍ വിനിയോഗിക്കും.

 

ഡയഗ്നോസ്റ്റിക്സ്, കൊവിഡ് സമര്‍പ്പിത ചികിത്സാ സൗകര്യങ്ങള്‍, അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ കേന്ദ്രീകൃത സംഭരണം, രോഗബാധിതരായ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിച്ച് ഇന്ത്യയില്‍ കൊവിഡ് വ്യാപനം തടയുകയാണ് പാക്കേജിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

 

ഭാവിയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനും അതിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനും രാജ്യത്തെയും സംസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുകയെന്നതും ഇതിന്‍റെ ലക്ഷ്യമാണെന്ന് മന്ത്രി വിശദീകരിച്ചു.