മീന്‍ വില്പനയ്ക്ക് സര്‍ക്കാര്‍ സംവിധാനം; 140 നിയോജക മണ്ഡലങ്ങളിലും മത്സ്യ വിപണന കേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍

 

കൊറോണക്കാലത്ത് ലേലം ഒഴിവാക്കി മത്സ്യം വില്‍ക്കുന്നതിന് സര്‍ക്കാര്‍ രൂപപ്പെടുത്തിയ ബദല്‍ സംവിധാനം വിജയം കണ്ടതോടെ, ഇതിനായി സ്ഥിരം സംവിധാനമുണ്ടാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ഇതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം അതത് ഹാര്‍ബറുകളിലോ, ലാന്‍ഡിങ് സെന്‍ററിലോ വെച്ച് തൂക്കം കണക്കാക്കി അതിനുള്ള വില തൊഴിലാളിക്ക് നല്‍കും.

 

ഇതിന്‍റെ ചുമതല മത്സ്യഫെഡിനാണ്. ഓരോ സ്ഥലത്തും ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റിയും സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും ചേര്‍ന്ന് മീനിന്‍റെ കുറഞ്ഞ വില നിശ്ചയിക്കും. ഈ വില തൊഴിലാളിക്ക് നേരിട്ട് നല്‍കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യം സംഭരിച്ച് പ്രത്യേക സംവിധാനത്തിലൂടെ വില്‍ക്കാനും ഫിഷറീസ് വകുപ്പ് നീക്കം നീക്കം തുടങ്ങി. ആദ്യഘട്ടത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും ഇതിനായി മാതൃകാ മത്സ്യ വിപണന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു.