മാതൃകാ കാര്‍ഷിക ഗ്രാമങ്ങളുമായി കുടുംബശ്രീ

സ്വന്തം ലേഖകന്‍

സ്വയംപര്യാപ്തവും സുസ്ഥിരവുമായ സംയോജിത കൃഷിയിലൂന്നിയുളള മാതൃകാകാര്‍ഷിക ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനും അതുവഴി കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം മാതൃകാ കാര്‍ഷികഗ്രാമങ്ങളൊരുങ്ങുന്നു.

 

ആദ്യഘട്ടത്തില്‍ എറണാംകുളം ജില്ലയില്‍ രണ്ടു കാര്‍ഷിക ഗ്രാമങ്ങള്‍ തുടങ്ങും. 500 ഹെക്ടര്‍ വിസ്തൃതിയുളള ചെറുനീര്‍ത്തടങ്ങളായിരിക്കും പദ്ധതിയുടെ അടിസ്ഥാന ഘടകം. ജില്ലയില്‍ പദ്ധതിക്കായി പരിഗണിക്കുന്നത് വൈപ്പിന്‍, പാറക്കടവ് ബ്ലോക്കുകളിലെ ചെറുനീര്‍ത്തടങ്ങള്‍ അടങ്ങുന്ന വില്ലേജുകളാണ്. ജൈവകൃഷി, മത്സ്യകൃഷി, മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍, അഗ്രിക്ലിനിക്കുകള്‍, ബയോഗ്യാസ് യൂണിറ്റുകള്‍, ഫാം ടൂറിസം തുടങ്ങി ഇരുപതോളം ആവശ്യ ഘടകങ്ങള്‍ ഓരോ സ്മാര്‍ട്ട് അഗ്രിവില്ലേജിലുണ്ടാവും. വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെയാണ് അഗ്രിവില്ലേജിന്‍റെ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. പദ്ധതിക്കായി തിരഞ്ഞെടുത്ത നീര്‍ത്തടങ്ങളുളള പ്രദേശങ്ങള്‍ കുടുംബശ്രീയുടെ പ്രത്യേക സംഘം സന്ദര്‍ശിച്ച് നിലവിലുളള കൃഷിരീതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കും. ഇതിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.