കുപ്പിവെള്ളം 11 രൂപയ്ക്ക്; ഉത്തരവ് ഉടന്‍

സ്വന്തം ലേഖകന്‍

കുപ്പിവെള്ളം ലിറ്ററിന് 11 രൂപയ്ക്ക് വില്‍ക്കാന്‍ ഉത്തരവിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് ഇറക്കുക. ഇതേനിരക്കില്‍ റേഷന്‍കടകള്‍ വഴിയും വെള്ളം വിതരണം ചെയ്യുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലവില്‍ 11 രൂപ നിരക്കില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി കുപ്പിവെള്ളം വിതരണം നടത്തുന്നുണ്ട്. ഇത് പതിനയ്യായിരത്തോളം റേഷന്‍കടകളിലേക്കും വ്യാപിപ്പിക്കും. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതി മാര്‍ഗനിര്‍ദേശങ്ങള്‍ ഉപഭോക്തൃ വകുപ്പ് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. റേഷന്‍കട വഴി ശബരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.