സ്വന്തം ലേഖകന്‍
രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത കേന്ദ്ര ഗതാഗത മന്ത്രാലയം എടുത്തുകളഞ്ഞു. മിനിമം വിദ്യാഭ്യാസ യോഗ്യത ഒഴിവാകുന്നതോടെ നിരവധി പേര്‍ക്ക് ലൈസന്‍സ് എടുക്കാന്‍ അവസരം ലഭിക്കുകയും ഗതാഗത മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്.
1989 ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് എട്ടാം ക്ലാസ് യോഗ്യത വേണമായിരുന്നു. ഈ നിയമം ഇല്ലാതാകുന്നതോടെ സമൂഹത്തിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന നിരവധി പേര്‍ക്ക് ലൈസന്‍സ് എടുക്കാന്‍ അവസരം ലഭിക്കും. നിലവില്‍ ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 22 ലക്ഷത്തോളം ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ഡ്രൈവിംഗ് ലൈസന്‍സിന്‍റെ മാനദണ്ഡമല്ലാതായി മാറുന്നതോടെ ഈ കുറവ് പരിഹരിക്കാനാകും എന്നാണ് ഗതാ ഗത വകുപ്പിന്‍റെ കണ്ടെത്തല്‍. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചു. കരട് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

