കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം രാജ്യാന്തര നിലവാരത്തിലേക്ക്

സ്വന്തം ലേഖകന്‍

കാപ്പുകാട് ആനപരിപാലനകേന്ദ്രം ഉള്‍പ്പെടുന്ന കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയില്‍ രാജ്യാന്തര നിലവാരമുള്ള കേന്ദ്രത്തിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡാണ് (കിഫ്ബി) ധനസഹായം അനുവദിച്ചത്. 108 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായാണ് നവീകരണപ്രവര്‍ത്തനങ്ങള്‍. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളാണ് തയാറാക്കുക. ആന മ്യൂസിയം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠനഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം എന്നിവ ഒരുക്കും.

 

നെയ്യാര്‍ ഡാമില്‍ നിര്‍മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള , അവയ്ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള വിശാലമായ ഇടം എന്നിവയും നിര്‍മ്മിക്കും. നാട്ടാനകളടേതടക്കം ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്.

 

ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. പ്രതിദിനം മൂന്ന് ടണ്ണോളം ആനപ്പിണ്ഡം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രത്തില്‍ അവ പേപ്പറാക്കി മാറ്റുന്നതിനുള്ള പ്രത്യേക യൂണിറ്റും നിര്‍മിക്കും. കേന്ദ്രത്തിലെ ബയോഗ്യാസ് പ്ളാന്‍റില്‍ ഉത്പാദിപ്പിക്കുന്ന ഗ്യാസ് ആയിരിക്കും പാചകത്തിന് ഉപയോഗിക്കുക. സംസ്കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും ദ്രവമാലിന്യ സംസ്കരണത്തിനുള്ള പ്ലാന്‍റും ആദ്യഘട്ടത്തില്‍ത്തന്നെ ഒരുക്കും. ഭവനനിര്‍മാണ ബോര്‍ഡിന് നിര്‍മാണ ചുമതലയുള്ള പദ്ധതി 2021ല്‍ പൂര്‍ത്തിയാക്കും.