'കലക്ടേഴ്സ് എംപ്ലോയീ ഓഫ് ദ മന്ത്' പുരസ്കാരം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടര്‍

സ്വന്തം ലേഖകന്‍

ഫയലുകളിലെ കാലതാമസം ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് 'കലക്ടേഴ്സ് എംപ്ലോയീ ഓഫ് ദ മന്ത്' പുരസ്കാരം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ്. കലക്ടറേറ്റിലെത്തുന്നവരില്‍നിന്ന് അഭിപ്രായം ശേഖരിച്ചാണ് പുരസ്കാരം നല്‍കുക. ഏത് ജീവനക്കാരനില്‍ നിന്നാണ് മികച്ച സേവനം ലഭിച്ചതെന്ന് കലക്ടറെ അറിയിക്കാം. ഇതിനായി പ്രവേശന കവാടത്തിന് സമീപം പെട്ടി സ്ഥാപിക്കും.

 

ജീവനക്കാരന്‍റെ പേര് എഴുതി പെട്ടിയിലിടാം. മാസാവസാനം പെട്ടി തുറന്ന് ഏറ്റവുമധികം പേര്‍ നിര്‍ദേശിച്ച വ്യക്തിയെ 'കലക്ടേഴ്സ് എംപ്ലോയീ ഓഫ് ദ മന്ത്' ആയി പ്രഖ്യാപിക്കും. വിജയിയെക്കുറിച്ച് 'കലക്ടര്‍ എറണാകുളം' ഫേസ് ബുക്ക് പേജുവഴി അറിയിക്കും. ജൂലൈ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കും. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സെക്യൂരിറ്റി, സ്യൂട്ട്, ഇന്‍സ്പെക്ഷന്‍, ലാന്‍ഡ് അക്വിസിഷന്‍, ഫിനാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫയലുകളുടെ തീര്‍പ്പാക്കല്‍, ഹാജര്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം അംഗീകാരം നല്‍കും.