അജയ് പി വേണുഗോപാല്‍
യാത്രകള്‍ക്കും ഉണ്ട് കഥകള്‍ പറയാന്‍. നഷ്ടപ്പെട്ടതിന്‍റെയും നേടിയെടുത്തതിന്‍റെയുമൊക്കെ ധാരാളം കഥകള്‍. ഒരോ യാത്രകളും നമുക്ക് നല്‍കുന്ന അനുഭൂതി വാക്കുകള്‍ക്കതീതമാണ്. ഇക്കുറി വാകേന്‍ എന്ന മായാലോകം തേടിയാണ് എന്‍റെ യാത്ര. പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന ഒരു മേഘാലയന്‍ ഗ്രാമമാണ് വാകേന്‍. ഒരു പറ്റം ചെറുപ്പക്കാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് നാം ഇന്ന് കാണുന്ന വാകേന്‍.
പ്രകൃതിയില്‍ മനുഷ്യന്‍ തീര്‍ത്ത മുളയത്ഭുതം എന്നു തന്നെ വാകേനെ നമ്മുക്ക് വിശേഷിപ്പിക്കാം. വാകേന്‍ എന്ന മായാലോക കാഴ്ച്ചകള്‍ തേടിയുള്ള എന്‍റെ യാത്ര തുടങ്ങുന്നത് ഐ.ഐ.ടി ഗുവാഹത്തിയില്‍ നിന്നുമാണ്. ആറ് ചെറുപ്പക്കാരുടെ യാത്ര മോഹങ്ങളില്‍ നിന്നുമുണ്ടായ ഒരു യാത്രയാണ് വാകേന്‍. ഒരോ സഞ്ചാരികള്‍ക്കും അവരുടെ ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള സാരഥികളായി പള്‍ട്ടന്‍ ബസാറിലെ വാഹന ഡ്രൈവര്‍മാര്‍ അവിടെ സജ്ജരായി കിടപ്പുണ്ടായിരുന്നു. യാത്ര ചിലവ് ചുരക്കലിന്‍റെ ഭാഗമായി ഞങ്ങള്‍ ഷെയര്‍ ടാക്സി തിരഞ്ഞെടുത്തു. ഷില്ലോങ്ങിലേയ്ക്ക് ഞങ്ങളുടെ സമോ ഒരു അശ്വത്തെപ്പോലെ പാഞ്ഞു.ഷിലോങ്ങ് എത്തുന്നതിന് മൂന്നു കിലോമീറ്റര്‍ മുന്‍പേ ട്രാഫിക്ക് ബ്ലോക് തുടങ്ങി.അവിടെ നിന്നും ഏകദേശം ഒരു മണിക്കൂറ് സമയമെടുത്തു ഷില്ലോങ്ങ് എത്താന്‍ .
ഷില്ലോങ്ങില്‍ നിന്നും വാകേനിലേയ്ക്ക് മാരുതി സ്വിഫ്റ്റ് കാറിലാണ് പോയത്. ഡ്രൈവര്‍ ആല്‍ബര്‍ട്ടോസ് വാതോരാതെ ഹിന്ദിയില്‍ ഞങ്ങളോട് കുശലം പറയുന്നുണ്ടായിരുന്നു.ഷില്ലോങ്ങില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് വാകേന്‍. ഡൌക്കി റോഡിലെ 'പോംലും' എന്നിടത്ത് നിന്നും 15 കിലോമീറ്റര്‍ വഴിദൂരം. വാകേന്‍ എത്തമ്പോഴേക്കും സമയം 1.30 കഴിഞ്ഞിരുന്നു.
എന്‍ട്രി ഫീസ് കൊടുത്തതിന് ശേഷം ട്രക്കിംഗ് ആരംഭിച്ചു. ഖാസി വംശജനായ ഒരപ്പൂപ്പന്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായിയെത്തി. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആ അപ്പൂപ്പന്‍ ഞങ്ങള്‍ക്ക് മുന്‍പെ നടന്നു. എന്തൊക്കെയോ കീഴടക്കാനുള്ള ആവേശത്തിലായിരുന്നു ഞങ്ങള്‍. ചെറുപ്പത്തിന്‍റെ ചോര തിളപ്പ് എന്ന് തന്നെ വിശേഷിപ്പിക്കാം. ചെങ്കുത്തായ നടപ്പാതകളില്‍പ്പോലും മുള പാലം തീര്‍ത്ത ഈ ഗ്രാമവാസികളെ പ്രകൃതിയുടെ എന്‍ജിനിയര്‍മാരെന്ന് നിസംശയം വിളിക്കാം. ആധുനിക യുഗത്തില്‍ ഇവരെപ്പോലുള്ള ആള്‍ക്കാരെയാണ് നാം മാത്യകയാക്കേണ്ടത്.
കാടും ,പുഴയും പാറക്കെട്ടുകളും എല്ലാം നിറഞ്ഞ ഒരു പറുദീസയാണ് വാകേന്‍. വാക്കുകള്‍ക്കും അതീതമാണ് വാകേനിലെ പ്രകൃതി ഭംഗി. സാഹസികത നിറഞ്ഞൊരു ട്രക്കിംങ്ങാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിസംശയം തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് വാകേന്‍. ചെങ്കുത്തായതും വളഞ്ഞും പുളഞ്ഞുമുള്ള മുള പാലങ്ങളിലൂടെയുള്ള നടത്തം ഉള്ളില്‍ ചെറിയൊരു ഭയമുണ്ടാക്കുന്നുണ്ടായിരുന്നു. വാകേനിലെ മുള പാലങ്ങള്‍ക്കു മുകളിലൂടെയുള്ള സാഹസിക യാത്ര തരുന്ന അനുഭൂതി പറഞ്ഞറിക്കുന്നതിലുമുപ്പുറമാണ്.
വാകേന്‍റെ ചരിത്രത്തിലുമുണ്ട് ഒരു പ്രണയകഥ .കല്ലുകളുടെ രാജാവായ മവരിങ്ക്കാങ്ങിന്‍ സുന്ദരിയായ കത്തിയാങ്ങുമായി പ്രണയത്തിലാവുന്നതും വില്ലനായി മാവ്പാറ്റര്‍ വരുന്നതും കത്തിയാങ്ങിനു വേണ്ടി ഇരുവരും യുദ്ധം ചെയ്യുന്നതും. യുദ്ധത്തിനിടയില്‍ മവരിങ്ക് കാങ്ങിന്‍റെ ഇടത്തെ കൈ നഷ്ടപ്പെടുകയും അവസാനം മവരിങ്ക്കാങ്ങ് മാവ്പാറ്ററിനെ തോല്‍പ്പിച്ച് കത്തിയാങ്ങിനെ സ്വന്തമാക്കുന്നതുമെല്ലാം ചരിത്ര താളുകളില്‍ മായാതെ കിടക്കുന്നുണ്ട്.
ഏകദേശം നാല് കിലോമീറ്റര്‍ ദൂരം പ്രകൃതിയെ ആസ്വദിച്ചൊരു ട്രക്കിങ്ങ്. ട്രക്കിങ്ങിനിടെ ഫോട്ടോയെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. വഴിമദ്ധ്യേയുള്ള അരുവികളും പുഴകളുമെല്ലാം ഞങ്ങളുടെ ക്ഷീണത്തെ ശമിപ്പിച്ചു.ദൂരെ നിന്നു തന്നെ ടൈറ്റാനിക് വ്യൂ പോയിന്‍റ് കാണാം. ഒരു കപ്പലിന്‍റെ ആകൃതിയുള്ളതുക്കൊണ്ടാകാം ടൈറ്റാനിക് എന്ന് നാമകരണം ചെയ്തത്.വ്യൂ പൊയിന്‍റിന്‍റെ മുകളിലെത്തിയപ്പോള്‍ മായാലോകം കീഴടക്കിയ അനുഭൂതിയായിരുന്നു. ആ മായകാഴ്ച്ചകള്‍ ഓര്‍മ്മയുടെ പുസ്തക താളുകളില്‍ അനശ്വരമായി തന്നെ കിടക്കട്ടെ.ഒരുപാട് മായകാഴ്ച്ചകള്‍ മനസിലേറ്റി വാകേനില്‍ നിന്നും മടങ്ങുകയാണ് . എന്തായാലും ഒരു കാര്യമുറപ്പാണ് എത്ര യാത്ര പോയാലും ഈ യാത്രാഭിനിവേശിയുടെ മനസ്സിന്‍റെ ഏതോ ഒരു കോണില്‍ വാകേന്‍ എന്നുമുണ്ടാകും.

