അതീവസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ എന്താണ് ?

സ്വന്തം ലേഖകന്‍
അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്താണ് ഈ സംവിധാനം എന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റുകള്‍ ഏകീകരിക്കുന്നതിന് വേണ്ടിയാണ്അ തീവസുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഈ സംവിധാനം ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. റജിസ്ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നമ്പര്‍പ്ലേറ്റില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ നമ്പര്‍ പ്ലേറ്റ് മാറേണ്ടി വന്നാല്‍ പുതിയ പ്ലേറ്റിന് അംഗീകൃത സര്‍വീസ് സെന്‍ററിനെ സമീപിക്കണം.

 

സാധാരണയായ നമ്പര്‍ പ്ലേറ്റുകള്‍ സ്ക്രൂ ഉപയോഗിച്ചാണ് ഉറപ്പിക്കാറ്. പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പര്‍ പ്ലേറ്റുകള്‍ക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്‍റെ ഒറിജനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്പര്‍ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമല്ല. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് ഘടിപ്പിക്കാം.പ്രധാനമായും മോഷണം തടയല്‍ ലക്ഷ്യമിട്ടാണു വാഹനങ്ങളില്‍ അതീവസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നത്.