ദുബൈ മലയാളികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വീണ്ടും പറന്നു

സ്വന്തം ലേഖകന്‍

ദുബൈ മലയാളികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം സര്‍വീസ് പുനരാരംഭിച്ചു. ദിവസേന സര്‍വീസ് നടത്തിയിരുന്ന 256 സീറ്റുള്ള  വിമാനം എയര്‍ ഇന്ത്യ രണ്ടുമാസം മുന്‍പ് മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. പകരമായി 162 സീറ്റുള്ള എ 320 വിമാനമാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് നെടുമ്പാശേരി - ദുബൈ റൂട്ടില്‍ ദിനംപ്രതി 94 സീറ്റിന്‍റെ കുറവുണ്ടാവുകയും ടിക്കറ്റ് നിരക്ക് വര്‍ധിക്കുകയും ചെയ്തു. 787 ഡ്രീംലൈനര്‍ തിങ്കളാഴ്ച രാവിലെ 8.02ന് ഡല്‍ഹിയില്‍നിന്ന് നെടുമ്പാശേരിയിലെത്തി 9.08ന് ദുബായിലേക്ക് തിരിച്ചു. 256 യാത്രക്കാരാണുണ്ടായിരുന്നത്. വൈകിട്ട് 6.50ന് നെടുമ്പാശേരിയില്‍ മടങ്ങിയെത്തിയ വിമാനം രാത്രി 8.15ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ പ്രവാസി സംഘടനകളുടെയും ഇടപെടലുകളെ തുടര്‍ന്നാണ് ബോയിങ് 787 വിമാനം സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.