ടു വീലറുകള്‍ വാങ്ങുമ്പോള്‍ എന്തെല്ലാം ആക്സസറീസ് സൗജന്യമായി ലഭിക്കും ?

സ്വന്തം ലേഖകന്‍

ടു വീലറുകള്‍ വാങ്ങുമ്പോള്‍ എന്തെല്ലാം ആക്സസറീസ് സൗജന്യമായി ലഭിക്കും ? ഇക്കാര്യത്തില്‍ ഉപഭോക്താക്കളില്‍ പലര്‍ക്കും വ്യക്തതയില്ല. ചില കമ്പനികള്‍ സൗജന്യമായി നല്‍കുന്ന ആക്സസറീസ് മറ്റുകമ്പനികള്‍ നല്‍കാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപഭോക്താക്കള്‍ ആക്സസറീസ് പണം കൊടുത്തു വാങ്ങേണ്ടി വരും. ചില കമ്പനികള്‍ ഉത്സവ സീസണുകളില്‍ മാത്രം ചില ആക്സസറീസ് സൗജന്യമായി നല്‍കും.

 

എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍ സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ്, മിറര്‍ എന്നിവ പുതിയ വാഹനം വാങ്ങുന്ന ഉപഭോക്താവിന് ഡീലര്‍മാര്‍ സൗജന്യമായി നല്‍കണം എന്നാണ് പോലീസ് പറയുന്നത്. കേരള മോട്ടോര്‍ വാഹന ചട്ടം 138(എഫ്)ല്‍ ഇവ സൗജന്യമായി നല്‍കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം നല്‍കാത്ത ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും കേരള പോലീസ് പറയുന്നു.