ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി ഇന്ത്യന്‍ രൂപയും സ്വീകരിക്കും

സ്വന്തം ലേഖകന്‍

ദുബൈ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി ഇന്ത്യന്‍ രൂപയും സ്വീകരിക്കും.ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് ഇന്ത്യന്‍ രൂപ സ്വീകരിക്കുക. ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വിനിമയത്തിന് അനുമതി ലഭിക്കുന്ന പതിനേഴാമത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന യു.എ.ഇയിലെ ഏറ്റവും പ്രധാന നഗരമാണ് ദുബൈ. കൂടാതെ ഒട്ടനവധി ഇന്ത്യന്‍ സഞ്ചാരികളും ഇവിടെ സന്ദര്‍ശിക്കാറുണ്ട്. നേരത്തെ ഷോപ്പിംഗ് നടത്താന്‍ ഇന്ത്യന്‍ രൂപ ദിര്‍ഹമിലേക്കോ ഡോളറിലേക്കോ മാറ്റണമായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ദുബൈ വിമാനത്താവളത്തിലെ 38,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ഷോപ്പിംഗ് വിസ്മയമാണ്.