സത്യാ പാലക്കാട്
ഒരു സഞ്ചാരി ഒന്നുകില്‍ ഭക്ഷണപ്രിയനോ അല്ലെങ്കില്‍ഫോട്ടോഗ്രാഫെറോ ആയിരിക്കും. ഞാനതില്‍ ഒന്നാമതാ. വെറും ഇഡലിക്കു വേണ്ടി യുള്ള യാത്രയല്ല, രാമശ്ശേരി ഇഡലിക്കു വേണ്ടിയാണ് ഇത്തവണത്തെ എന്‍റെ യാത്ര. രാമശ്ശേരി എന്നുപറയുന്ന കുഞ്ഞുഗ്രാമത്തിലേക്കുള്ള കുഞ്ഞു യാത്ര.
പാലക്കാട് നിന്ന് പൊള്ളാച്ചി റൂട്ടില്‍പോകുമ്പോള്‍ കുന്നാച്ചി ജംഗ്ഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ഇടത്തോട്ട് തിരിഞ്ഞാല്‍ രാമശ്ശേരി. രണ്ട് വശങ്ങളും വലിയ മരങ്ങളാല്‍ സമ്പന്നമാണീറോഡും നാടും. കോയമ്പത്തൂരില്‍ നിന്ന് വരുന്നവര്‍ക്ക് പുതുശ്ശേരി വഴി രാമശ്ശേരിയെത്താം. ദൂരയാത്രക്കുള്ള ആവേശത്തിന്‍റെ ഒരുശതമാനം സ്വന്തം നാട്ടിലൂടെ കറങ്ങാന്‍ കാണിച്ചാല്‍ ഇത്തരം ചെറിയ യാത്രകള്‍ക്ക് നമുക്ക് സന്തോഷം നല്‍കും.
പാലക്കാട്ടുകാരനായിട്ടും സ്വന്തം നാട്ടിലെ പലഹാരങ്ങളോട് കാണിക്കുന്ന ഇഷ്ടകുറവിനെ തള്ളികളയാനുള്ള യാത്രയാണിത്. ഞാന്‍ രാമശ്ശേരി എത്തിയപ്പോള്‍ ഒരു ബാംഗ്ലൂര്‍ കുടുംബം ടേബിളില്‍ കുഞ്ഞുങ്ങള്‍ക്ക് ഇഡലി വാരിക്കൊടുക്കുന്ന കാഴ്ച. ചോദിച്ചപ്പോള്‍ ട്രിപ്പ് അഡ്വൈസറില്‍ കണ്ടാതാണ് ഇവിടത്തെ ഇഡലി മഹിമ എന്ന് മറുപടി. ഇത്രയും ദൂരം യാത്ര ചെയ്തു രാമശ്ശേരി ഇഡലി അന്വേഷിച്ചെത്തിയ അവരോട് സംസാരിച്ചപ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛംതോന്നി.
സൈക്കിള്‍ ചവിട്ടി വന്നതുകൊണ്ട് 20 മിനിറ്റു കഴിഞ്ഞിട്ടാണ് ഞാന്‍ ഇഡലി കഴിച്ചത്. മോന്‍ എവിടുന്നാ സൈക്കിള്‍ ചവിട്ടി വരുന്നതെന്ന് അന്വേഷിച്ചപ്പോള്‍ പാലക്കാട് നിന്നാണ് എന്ന് മറുപടി നല്‍കി. അത്രക്ക് ഇഷ്ടാണോ ഇഡലിയെന്നുചോദിച്ചു. അതിപ്പോ ഞാന്‍ ഇവിടെ ഇതിനു മുന്‍പ് വന്നിട്ട് വര്‍ഷങ്ങളായി അതോണ്ടാ. ബാംഗ്ലൂര്‍ ടീം ഈ എന്നോടാ ബാല എന്ന ഭാവത്തോടെ എന്നെനോക്കി. ഇഡലി കഴിക്കാന്‍ ബെസ്റ്റ് സമയം രാവിലെയാണ്. ആവിക്ക് വരെ പ്രത്യേക മണമാണ്.
പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ രാമശ്ശേരി എന്ന സ്ഥലത്തെ പ്രത്യേക തരം ഇഡലിയെ കുറിച്ചാണ് നാം പറയുന്നത്.ഏഴു ദിവസത്തോളം യാതൊരുകേടും കൂടാതെ ഇത് സൂക്ഷിക്കാം എന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. ഇപ്പോഴും രണ്ടോ മൂന്നോ ദിവസമൊക്കെകേടുകൂടാതെ സൂക്ഷിക്കാം. സാധാരണ ഇഡലിയുടെ ആകൃതിയല്ല. പരന്ന ചെറിയ അപ്പത്തിന്‍റെ രൂപമാണിതിന്. ആകൃതി തട്ടുകടയിലെ തട്ടുദോശയെയും ഓര്‍മിപ്പിക്കും. പൊന്നി അരിയും ഉഴുന്നുംചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്. പ്രത്യേക തരം മണ്‍ ചട്ടികളിലാണ് ഇവവേവിക്കുക. നിര്‍മ്മാണ രഹസ്യം ഈ പ്രദേശത്തുള്ള ചില കുടുംബക്കാരുടെ മാത്രം കൈവശമാണ്. ചില സ്ഥലങ്ങളില്‍ രാമശ്ശേരി ഇഡലിയെന്ന് പറഞ്ഞു വില്‍ക്കുന്നുണ്ടെകിലും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഞാന്‍ ഓര്‍മിപ്പിക്കുകയാണ് പ്രിയ സഞ്ചാരികളെ.
പാലക്കാട് ടൗണില്‍ ചിലരൊക്കെ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടും പാളിപ്പോയ കഥകളാണ് കേട്ടിട്ടുള്ളത്. കൈപുണ്യത്തിന്‍റെ കാര്യമാണ് പറഞ്ഞു വന്നത്. രാമശ്ശേരിയിലെ രുചിക്കൂട്ട് പുറത്തുള്ളവര്‍ക്ക് കിട്ടില്ല എന്ന് വാശിയോടെ നാട്ടുകാര്‍ പറയുന്നത്കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രാമശ്ശേരി ഇഡലി കഴിക്കാന്‍ ഇവിടെക്ക് തന്നെ വരണം. വിറകുകൊണ്ടുള്ള തീയും മണ്‍പാത്രങ്ങളുമുപയോഗിച്ചാണ് പാചകം. ഇവിടെ ഇഡലി കഴിക്കാന്‍ വരുന്നവര്‍ക്ക് തനി പാലക്കാടന്‍ ഗ്രാമീണ കാഴ്ചകളാണ് ബോണസ്. വൈകുന്നേരം സന്ധ്യകാഴ്ചകളൊക്കെ കണ്ടുനേരെ കടയില്‍പോയാല്‍ ആവി പറക്കുന്ന ഇഡലി ചമ്മന്തിയും ചട്നിയും പൊടിയും കൂട്ടി വയറുനിറയെ കഴിക്കാം. രണ്ടുപേര്‍ക്ക് 100 രൂപയില്‍ താഴെ മാത്രമേ ചിലവ് വരൂ.

