സോക്കു എന്ന സ്വര്‍ഗത്തിലേക്ക്

അജയ് പി വേണുഗോപാല്‍

ഓരോ യാത്രയും ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്. ഇനിയും ഒരുപാട് ദൂരേ പോകുവാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. യാത്രകളെക്കാള്‍ വലിയ ഗുരുനാഥനില്ല എന്ന തിരിച്ചറിവാകാം വീണ്ടും വീണ്ടും യാത്രകള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. നാഗാലാന്‍ഡും സോക്കുവാലിയുമെല്ലാം മനസ്സില്‍ കൂടിയേറിയിട്ട് നാളുകളേറെയായിരിക്കുന്നു. യാത്ര പോകുന്നതിന് മുമ്പ് തന്നെ സോക്കുവാലിയെ കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പര്‍മിറ്റെടുക്കുകയാണ്. ഗുവാഹത്തിയിലെ നാഗാലാന്‍ഡ് ഓഫീസില്‍ നിന്നും പര്‍മിറ്റ് ലഭിക്കും (50 രൂപ). പോകുന്നതിന് മുമ്പ് തന്നെ ഗുവാഹത്തിയില്‍ നിന്നും നാഗാലാന്‍ഡിലെ ദീമാപൂരിലേക്ക് പോകുന്ന നാഗാലാന്‍ഡ് എക്സ്പ്രസില്‍ സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തു (180 രൂപ). മൂന്ന് രാത്രിയും രണ്ട് പകലുമായി യാത്ര പ്ലാന്‍ ചെയ്തു.വെളളിയാഴ്ച്ച രാത്രി (11.30 ന് ) ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാഗാലാന്‍ഡ് എക്സ്പ്രസില്‍ ഞങ്ങള്‍ അഞ്ച് പേര്‍ സോക്കുവാലിയെന്ന ഒരേയൊരു ലക്ഷ്യം മാത്രം മനസ്സിലുറപ്പിച്ച് യാത്ര തുടങ്ങി. ചൂടിനു കാഠിന്യം കുറച്ച്ക്കൊണ്ട് ഇടയ്ക്കിടെ മഴപെയ്യുന്നുണ്ടായിരുന്നു. നാഗാലാന്‍ഡ് എക്സ്പ്രസ് കിതയ്പ്പില്ലാതെ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിച്ചു. രാവിലെ ആറ് മണിയായപ്പോഴേക്കും ദീമപൂരിലെത്തി.നാഗാലാന്‍ഡിലെ പ്രവേശന കവാടം എന്നാണ് ദീമാപൂര്‍ അറിയപ്പെടുന്നത്. വികസന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു നഗരമാണ് ദീമാപൂര്‍.

 

റെയില്‍വേ സ്റ്റേഷന് പുറത്ത് സഞ്ചാരികളെ റാഞ്ചുവാനായി ഡ്രൈവര്‍മാര്‍ മത്സരിക്കുന്നു. ചിലവ് ചുരുക്കാനാണെങ്കില്‍ ഷെയര്‍ ടാക്സി ലഭ്യമാണ്. നാഗാലാന്‍ഡ് തലസ്ഥാനമായ കോഹിമയിലേയ്ക്ക് ഷെയര്‍ ടാക്സി തിരഞ്ഞെടുത്തു ( 300 രൂപ). ദീമാപൂരില്‍ നിന്നും കോഹിമയിലേയ്ക്ക് 75 കിലോമീറ്റര്‍ ദൂരമുണ്ട്. റോഡ് വളരെ മോശം അവസ്ഥയില്‍. മുക്കാല്‍ ഭാഗം റോഡും കുണ്ടുംകുഴിയും നിറഞ്ഞതാണ്. കോഹിമയടുക്കുന്തോറും വണ്ടികളുടെ തിരക്കും വര്‍ദ്ധിച്ചു തുടങ്ങി. ഏകദേശം 3.30 മണിക്കൂറെടുത്തു കോഹിമയെത്താന്‍. ഷിലോങ്ങിനോടും മൂന്നാറിനോടുമൊക്കെ സാമ്യമുള്ള ഒരു നഗരം. സോക്കുവാലിയിലേക്ക് ട്രക്കിംഗിനായി രണ്ട് വഴി തിരഞ്ഞെടുക്കാവുന്നതാണ് പോകുമ്പോള്‍ വിശ്വാമഗ്രാമത്തില്‍ നിന്നും ട്രക്കിംഗ് തുടങ്ങുക. തിരിച്ചു വരുമ്പോള്‍ സക്കാമ ഗ്രാമം വഴി വരുക. വിശ്വാമവഴി ദൂരം കൂടുതലാണെങ്കിലും നേര്‍വഴിയാണ്. സക്കാമ വഴി പോകുകയാണെങ്കില്‍ കുത്തനെയുള്ള കയറ്റം താണ്ടണം. മടക്കയാത്ര സക്കാമ വഴിയാണ് ഉചിതം.

 

കോഹിമയില്‍ നിന്നും വിശ്വാമ ഗ്രാമത്തിലേക്ക് ഷെയര്‍ ടാക്സികള്‍ ലഭ്യമാണ്. ഏ കദേശം മുക്കാല്‍ മണിക്കൂറെടുത്തു വിശ്വാമഗ്രാമമെത്താന്‍. ടെന്‍റും മറ്റു സാധനങ്ങളും വാടകയ്ക്ക് ലഭിക്കുന്ന കടകളുണ്ട്. ഭക്ഷണം കയ്യില്‍ കരുതുന്നതാണ് നല്ലത്. വിശ്വാമഗ്രാമത്തില്‍ നിന്നും സോക്കുമിലേയ്ക്ക് എട്ടു കിലോമീറ്ററോളം ദൂരം വണ്ടി പോകുന്നതാണ്. പീന്നീട് 5 മണിക്കൂറോളം ട്രക്കിംഗാണ്. മഴക്കാലമായതിനാല്‍ പോകുന്ന വഴി മുഴുവന്‍ ചെളി നിറഞ്ഞിരുന്നു. ചെളിയിലൂടെയുള്ള ട്രക്കിംഗ് ഞങ്ങളെല്ലാവരും നന്നായി തന്നെ ആസ്വദിച്ചു. ഇടയ്ക്ക് മഴയും കോടയും മാറി മാറി അനുഗ്രഹവര്‍ഷങ്ങള്‍ ചൊരിഞ്ഞു.

 

താമസത്തിനായി ഡോര്‍മിറ്ററിയും ഹോം സ്റ്റേയും തിരഞ്ഞെടുക്കാവുന്നതാണ്.(പ്രവേശനത്തിന് 50 രൂപയും ഡോര്‍മിറ്ററിക്ക് 50 രൂപയും നല്‍കണം). ശനിയാഴ്ച്ചയായതിനാലാകാം സഞ്ചാരികളുടെ തിരക്ക് വളരെ കൂടുതലാണ്. ആ ഡോര്‍മറ്ററി ഒരു അഭയാര്‍ത്ഥി ക്യാമ്പ്പ്പോലെയായി മാറി കഴിഞ്ഞിരിക്കുന്നു. ഉറക്കം മരം കോച്ചുന്ന തണുപ്പില്‍ ആവിയായിപ്പോയി.

 

ഡോര്‍മറ്ററിയില്‍ നിന്നും തന്നെ സോക്കു താഴ്വര പ്രൗഡിയില്‍ തിളങ്ങി നില്‍ക്കുന്നതു കാണാം. അവിടെ നിന്നും രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ താഴ്വരയെത്തും. ഒരു സ്വപ്നം സാക്ഷാത്കരിച്ച നിര്‍വൃതി ഞാന്‍ അനുഭവിച്ചു. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത മായാലോകമാണ് സോക്കു. മഞ്ഞയും വെള്ളയും നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ താഴ്വര. കോടമഞ്ഞ് ഇടക്കിടെ ചുംബിച്ചു കടന്നു പോകുന്നു. ഇത് സ്വപ്നമാണോ യഥാര്‍ത്ഥ്യമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഫോട്ടൊയെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. പക്ഷെ എത്രയെടുത്തിട്ടും മതിയാകുന്നില്ല. ബംഗ്ലാദേശില്‍ നിന്നെല്ലാം ധാരാളം പേര്‍ സോക്കു കാണുവാനായി എത്തുന്നുണ്ട്.

 

ട്രക്കിംഗ് ക്ഷീണമൊക്കെ സോക്കു താഴ്വര കണ്ട ആനന്ദത്തില്‍ ലയിച്ചുപോയി. തിരിച്ച് ഡോര്‍മിറ്ററിയിലേക്ക് നടക്കുമ്പോള്‍ ജീവിതത്തില്‍ എന്തൊക്കയൊ കിട്ടിയതിന്‍റെ ആവേശമെന്നില്‍ തിരയടിക്കുന്നുണ്ടായിരുന്നു. സക്കാമ വഴിയുള്ള മടക്കയാത്രയില്‍ ചെങ്കുത്തായ ഇറക്കങ്ങള്‍ വിശപ്പ് വര്‍ദ്ധിപ്പിച്ചുക്കൊണ്ടിരുന്നു. മണിക്കൂറുകളോളം നീണ്ട കാട്ടുവഴികളിലൂടെയുള്ള ട്രക്കിംഗ്. ഞായറാഴ്ച്ചയായതിനാല്‍ വാഹനങ്ങള്‍ കുറവാണ്. സക്കാമ ഗ്രാമത്തില്‍ നിന്നും കോഹിമയിലേക്ക് ഒരു ലോറി കിട്ടി. ബസിലും ഷെയര്‍ ടാക്സിലുമായി തിരിച്ച് ഗുവാഹത്തിയിലേയ്ക്ക്. യാത്രകള്‍ അവസാനിക്കുന്നില്ല. അടുത്ത യാത്രയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുതന്നെയെന്ന് മനസിലുറപ്പിച്ചു.