നവാസ്
വിനോദസഞ്ചാരികളെ എന്നും മാടിവിളിക്കുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. ലോക പ്രശസ്തമായ തേക്ക് മ്യൂസിയവും മനോഹരങ്ങളായ ചെറുതും വലുതും വെള്ളച്ചാട്ടങ്ങളും മലനിരകളും കോടമഞ്ഞും ഈ പ്രദേശത്തെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.
എന്നാല്‍ മനോഹര കാഴ്ചകള്‍ക്കപ്പുറം ഭക്ഷണത്തെ സ്നേഹിക്കുന്നവര്‍ക്ക്, അധികം അറിയപ്പെട്ടിട്ടില്ലാത്ത ഒരു ഇടം കൂടിയുണ്ട് ഇവിടെ. നിലമ്പൂര്‍ നഗരത്തില്‍ നിന്നും കരുളായി റൂട്ടില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വല്ലപ്പുഴ എന്ന സ്ഥലത്ത് എത്താം. ഇവിടെയുള്ള ചെമ്മല ഫിഷ് ഫാം കഴിഞ്ഞ ഇരുപത് വര്‍ഷമായി സഞ്ചാരികള്‍ക്ക് ഒന്നാംതരം മത്സ്യവിഭവങ്ങള്‍ ഒരുക്കുന്നു. ഒപ്പം കപ്പയും നല്ല ചൂട് കട്ടനും.
ഏകദേശം നാല് ഏക്കറോളം വരുന്നതാണ് ഫാം. ഇതില്‍തന്നെ വലിയ തടാകത്തില്‍ മീന്‍വളര്‍ത്തുനോടൊപ്പം വിനോദസഞ്ചാരികള്‍ക്ക് ഉല്ലാസത്തിന് വേണ്ടി ബോട്ടുകളും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഹൗസ് ബോട്ടുമെല്ലാം ഒരുക്കിയിട്ടുണ്ട്. നഗരത്തില്‍ നിന്ന് മാറി ശാന്തമായ സ്ഥലത്തുള്ള ഈ ഫാമിലെ മീന്‍ വിഭവങ്ങള്‍ തേടി മറ്റു ജില്ലകളില്‍ നിന്ന് പോലും സഞ്ചാരികള്‍ എത്തുന്നുണ്ട്.
ഏറ്റവും കുറഞ്ഞ വിലയിലാണ് ഇവിടത്തെ സ്പെഷ്യല്‍ ഇനമായ വാഴയിലയില്‍ ചുട്ടെടുത്ത മീന്‍ വിഭവം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കട്ല, രോഹു, ഗ്രാസ്കാര്‍പ്, മൃഗാള്‍, നട്ടര്‍, വാള, നൈല്‍ തിലോപിയ തുടങ്ങിയ ഇനങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഫാമില്‍ ശാസ്ത്രീയമായി കൃഷി ചെയ്യുന്നുണ്ട്. ചൂണ്ടയിടുന്നതിനും ഇവിടെ അവസരമുണ്ട്. പിടിക്കുന്ന മത്സ്യം മുഴുവനായി വാങ്ങണമെന്നു മാത്രം.
വിനോദസഞ്ചാര മേഖലയെ കോര്‍ത്തിണക്കിയ മത്സ്യക്കൃഷിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരത്തിന് അര്‍ഹനായ ചെമ്മല ഷാജിയാണ് ഫാം ഉടമ. പിതാവ് നടത്തിയിരുന്ന ഫാം വൈവിധ്യവല്‍ക്കരണം നടത്തിയാണ് ഷാജി ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്.

