ദിനേശ് പൊട്ടിക്കടവത്ത്
ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം നേടിത്തരുന്ന കൊച്ചു സംസ്ഥാനം. ഒരിക്കലെങ്കിലും ഗോവ സന്ദര്‍ശിക്കാന്‍ മോഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. കോഴിക്കോട് നിന്നും ട്രെയിനില്‍ പത്ത് മണിക്കൂര്‍ മാത്രം മതി ഗോവയിലെത്താന്‍. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ഗോവയിലെ ടൂറിസ്റ്റ് സീസണ്‍.
പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ കാര്യത്തില്‍ വളരെ പുറകിലാണ് ഗോവ. അതിനാല്‍ തന്നെ ഗോവയിലൂടെ കറങ്ങാന്‍ ടാക്സികള്‍ തന്നെ ശരണം. ഒല പോലെയുള്ള ടാക്സി സംവിധാനങ്ങള്‍ ഗോവയില്‍ ഇല്ലാത്തതിനാല്‍ വമ്പന്‍ നിരക്കുകളാണ് ടാക്സിക്കാര്‍ ഈടാക്കുക. ഗോവയിലെ ഓരോ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളും തമ്മില്‍ 10 മുതല്‍ 40 കിലോമീറ്റര്‍ ദൂരമുണ്ട്. ബസുകള്‍ പലപ്പോഴും നമ്മുടെ സൗകര്യത്തിന് ലഭ്യമാവുകയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഗോവയില്‍ വാടകക്ക് ലഭിക്കുന്ന ബൈക്കുകള്‍ ഗുണകരമാവുന്നത്. ബുള്ളറ്റുകള്‍ മുതല്‍ സ്കൂട്ടികള്‍ വരെ ഇവിടെ വാടകക്ക് ലഭിക്കും. 300 മുതല്‍ 400 രൂപവരെയാണ് 24 മണിക്കൂറിന് വാടക.
ബൈക്ക് വാടകക്ക് എടുക്കാന്‍ കുഴഞ്ഞുമറിഞ്ഞ നിയമങ്ങള്‍ ഒന്നും ഇല്ല. വാടകക്ക് നല്‍കുന്ന നൂറുകണക്കിന് കേന്ദ്രങ്ങള്‍ മഡ്ഗാവ്, പനാജി, വാസ്കോ തുടങ്ങിയ എല്ലാ പ്രധാന കേന്ദ്രങ്ങളിലുമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പോയി ഇഷ്ടപ്പെട്ട ഒരു ബൈക്ക് ആദ്യം തിരഞ്ഞെടുക്കുക. നമുക്ക് അംഗീകൃത ലൈസന്‍സ് ഉണ്ടോ എന്ന് അവര്‍ ഉറപ്പാക്കും. ലൈസന്‍സ് ഫോട്ടോസ്റ്റാറ്റ് കോപ്പി അവര്‍ ആവശയപ്പെടും. കൂടാതെ നമ്മുടെ ഒരു ഒറിജിനല്‍ രേഖയും 500 രൂപയും മുന്‍കരുതല്‍ എന്ന നിലയില്‍ അവര്‍ വാങ്ങും. ബൈക്ക് തിരിച്ചു നല്‍കുമ്പോള്‍ രേഖയും പൈസയും നമുക്ക് തിരികെ ലഭിക്കും.
ഗോവ സന്ദര്‍ശിക്കുമ്പോള്‍ ബൈക്ക് വാടകക്കെടുത്താല്‍ ചെലവ് പകുതിയായി കുറയ്ക്കാം എന്നാണ് പലരുടെയും അനുഭവം. ബീച്ചുകള്‍ പലതും ഉള്‍പ്രദേശങ്ങളിലായതിനാല്‍ നമുക്ക് നമ്മുടെ സൗകര്യത്തിന് ഏതുസമയത്തും അനായാസം എത്തിച്ചേരാനാകും. അര്‍ജുന, ബാഗ, വാഗത്തോര്‍, കലംഗൂത്, പലോലിം, കോള്‍വ തുടങ്ങി ഒട്ടനവധി ബീച്ചുകളാണ് ഗോവയുടെ സൗന്ദര്യം. മഡ്ഗാവും വാസ്കോയും ബീച്ചുകള്‍ കൊണ്ട് മനോഹരമാണെങ്കില്‍ ഒഴുകിനടക്കുന്ന കസീനോകളുടെ കേന്ദ്രമാണ് തലസ്ഥാനമായ പനാജി. മണ്ഡോവി നദിയില്‍ നങ്കൂരമിട്ടിരിക്കുന്ന കാസിനോ ചൂതാട്ടകേന്ദ്രങ്ങളില്‍ കോടികളുടെ കച്ചവടമാണ് ഓരോ ദിവസം നടക്കുന്നത്. സന്ധ്യ മയങ്ങുമ്പോള്‍ ഒഴുകിനടക്കുന്ന ഈ കൊട്ടാരങ്ങള്‍ വര്‍ണ്ണവിളക്കുകളാല്‍ അലംകൃതമാകും.

