ആഷ്‌ലി എൽദോസ്
അയ്യോ പട്ടായയിലേക്കോ? (ചിലർ അയ്യേ) ഞങ്ങൾ പെൺകുട്ടികൾ ഒന്നു പട്ടായ വരെ പോകുന്നു എന്ന് ചുരുക്കം ചിലരെങ്കിലും അറിഞ്ഞപോഴുള്ള പുകിൽ ചില്ലറയായിരുന്നില്ല. എല്ലാവർക്കും പറയാനുള്ളത് ഒന്നുതന്നെ ‘നിങ്ങൾ പെണ്ണുങ്ങൾ പട്ടായ പോയിട് എന്തിനാണ്?’ അതെന്താ പെണ്ണുങ്ങൾക്ക് നിഷിദ്ധമായിട്ടു അങ്ങനൊരു സ്ഥലമുണ്ടോ?
ചോദ്യങ്ങൾ ഒഴിവാക്കാനായിത്തന്നെ പിന്നെ ആരോടും പറയേണ്ടെന്നുവെച്ചു. ഒരു വെള്ളിയാഴ്ച രാത്രിവിമാനത്തിന് ഒറ്റ മുങ്ങൽ. പിന്നെ പൊങ്ങിയത് ബാങ്കോക്കിൽ. അവിടെ നിന്നും ചീപ്പ് റേറ്റിൽ പബ്ലിക് ട്രാസ്പോർട്ട് ബസ് ഉണ്ട് പട്ടായലിലേക്ക്, കാഴ്ചയൊക്കെ കണ്ടാസ്വദിച്ചങ്ങനെ സുഖകരമായൊരു യാത്ര. ബസെന്നു കേൾക്കുമ്പോ നമ്മുടെ സ്വന്തം ആനവണ്ടി ആയിട്ടെങ്ങാനും താരതമ്യം ചെയ്യല്ലകെട്ടോ. AC ഒന്നുമില്ലായിരുന്നെങ്കിലും നല്ല സൗകര്യപ്രദമായ സീറ്റും ലെഗ് സ്പേസും അടിപൊളി 6 ലൈൻ റോഡും.
വളരെ അച്ചടക്കത്തോടെ ട്രാഫിക് നിയമങ്ങൾ പാലിച്ചു വണ്ടിയോടിക്കുന്ന അവരുടെ പൗരബോധവും രാജ്യസ്നേഹവും മാത്രകയാക്കേണ്ടതാണെന്നു തോന്നി. വണ്ടി ഓടിച്ചിരുന്നതൊരു സുന്ദരി, പ്രായം നന്നേ ചെറുപ്പം, പ്രാഗൽഭ്യം തെളിഞ്ഞ ഡ്രൈവിംഗ്. രാത്രി യാത്രയുടെ ക്ഷീണം കാരണം ഇടക്കെപ്പോളോ ഒന്ന് മയങ്ങി. വെയിൽ മുഖത്ത് തട്ടിവിളിച്ചപ്പോളാണ് കണ്ണുതുറന്നത്. മാസങ്ങളായി കണ്ട സ്വപ്നം. അതെ പട്ടായ…. ഒത്തിരി ആൺകുട്ടികളുടെ ബക്കറ്റ്ലിസ്റ്റില്പെട്ട ആ നിശാസുന്ദരി. വഴിയോരത്തു കണ്ട സൈൻ ബോര്ഡില്നിന്നുമാണ് പട്ടായ എത്തിയെന്നു വായിച്ചെടുത്തതു. Excitement കൂടിയിട്ട് വല്ലാത്തൊരു ഫീൽ. അടുത്തിരിക്കുന്നവൾക്കു ഫുൾ രോഞ്ചാമം കാരണം ഞങ്ങൾ അത്ര ആഗ്രഹിച്ചതാണീ യാത്ര. ഇടക്ക് പല തടസ്സങ്ങൾ വന്നെങ്കിലും ഒടുവിൽ ഇതാ ഞങ്ങളെത്തി. ബാങ്കോക്കിൽ നിന്നും വ്യത്യസ്തമായി അധികം കെട്ടിടങ്ങളോ ആൾത്തിരക്കോ ഇല്ലാത്തതായിരുന്നു പട്ടായയിലേക്കുള്ള വഴിയോരകാഴ്ചകൾ, ശെരിക്കും കേരളം അല്ലെങ്കിൽ കൊച്ചി പോലൊക്കെ തന്നെ. വിഷു season ആയതിനാൽ വഴിവക്കു ഫുൾ കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. അവിടെയുമുണ്ട് നമ്മുടെ വിഷുക്കൊന്ന. അതെ നിറത്തിലുള്ള പൂക്കൾ, അതെ ഇലകൾ. തായ്‌ലൻഡിലെ ഭൂപ്രക്രതിയും അങ്ങനെ തന്നെ. ശാന്ത സുന്ദരം. കാറ്റും വെയിലും മഴയുമെല്ലാം ഇവിടുത്തെപ്പോലെ തന്നെ ഇടക്കിടെ മാറിമാറി വരും. പെട്ടെന്ന് പുറം നാട്ടിലെത്തിയ ഫീൽ തോന്നില്ല നമുക്.
അങ്ങിങ്ങായി മരിച്ചുപോയ അവരുടെ രാജാവിന്റെ ചിത്രം കാണാം. ടൂറിസം ഉൾപ്പെടെ പല മേഖലകളിലും വികസനത്തിനും രാജ്യോന്നതിക്കുമായി വളരെ ശ്രമിച്ചു വിജയംകണ്ട അവരുടെ ആ മണ്മറഞ്ഞ രാജാവിനോടുള്ള അവരുടെ സ്നേഹാദരവുകൾക്കു ഇന്നും തെല്ലു കുറവുവന്നിട്ടില്ല. അദ്ദേഹത്തിന് പ്രിയപ്പെട്ട വളർത്തു മൃഗമായ നായയെ വരെ അതിനുശേഷം അവർ ഒരു രീതിയിലും ഉപദ്രവിക്കാറില്ലത്രേ. ആദ്യം വിചിത്രമായി തോന്നിയെങ്കിലും അവിടുത്തെ ആളുകളുടെ നിഷ്കളങ്കമായ ചിരിയിലും ആദിത്യമര്യദയിലും കണ്ടു കറതീർന്ന സ്നേഹത്തിന്റെ കാതൽ.
പട്ടായ എന്നാൽ പലരുടെയും പൊതുവായ ധാരണ പോലെ നൈറ്റ് ലൈഫ് ഉം പബ്-പാർട്ടികളും മാത്രമല്ല. അവിടെയുമുണ്ട് അവരുടെ പുരാതന സംസ്ക്കാരവും തനിമയും ഉൾക്കൊള്ളുന്ന ഹിന്ദു-ബുദ്ധ മതത്തിലധിഷ്ഠിതമായ സ്മാരകങ്ങളും അമ്പലങ്ങളുമെല്ലാം. അതിൽ പ്രധാനമാണ് നോർത്ത് പാട്ടായയിലെ, പൂർണമായും തേക്ക് തടിയിൽ പണി കഴിച്ചിരിക്കുന്ന Sanctuary of Truth. തങ്ങളുടെ സംസ്കാരവും ചരിത്രവും സംരക്ഷിക്കപ്പെടാനെന്ന സദുദ്ദേശത്തോടെ തായ് ബിസിനസ്സ്മാൻ Khun Lek Viriyaphant പണി കഴിപ്പിച്ച ഈ സമുച്ചയത്തിലെ ഓരോ സ്തൂപങ്ങളും കൊത്തുപണികളും മെഷീൻ സഹായമില്ലാതെ മെനഞ്ഞവയാണെന്നുള്ള സത്യം ആരെയും ഒന്ന് ആശ്ചര്യപെടുത്തും. കാരണം അത്രക് മികവോടെ, മിഴിവോടെയാണ് അവയോരോന്നും തലയുയർത്തി നിൽക്കുന്നത്. അതിൽത്തന്നെ ഒട്ടുമിക്ക കൊത്തുപണികളും പ്രതിനിധീകരിക്കുന്നത് നമ്മുടെ സ്വന്തം മഹാഭാരതത്തിലേക്കും രാമായണത്തിലെയും കഥാ തന്തുക്കളാണ്.
തടിയിൽ തീർത്ത ഒരു സമ്പൂർണ മനുഷ്യ നിർമ്മിതിയായ ഈ സങ്കേതം പട്ടായയിൽ ഒരു വ്യത്യസ്ത സഞ്ചാര അനുഭവമാണ് തരുന്നത്. വാക്കുകളാൽ അറിയിക്കാനാകാത്ത ഒരു പ്രേത്യേകാനുഭൂതി ആണ് ഇവിടുത്തെ നനുത്ത കടൽകാറ്റും ആത്മീയത തളംകെട്ടി നിൽക്കുന്ന നിശബ്ദന്തരീക്ഷവും. വല്ലാത്തൊരു പോസിറ്റീവ് എനർജി പ്രസരിക്കുന്ന ചുറ്റുപാട്. കടലിനെ അഭിമുഖീകരിച്ചു ബീച്ചിനോട് തൊട്ടു ചേർന്നാണ് കാഴ്ച്ചയിൽ അമ്പലമെന്നോ കൊട്ടാരമെന്നോ തോന്നിക്കുന്ന ഈ അദ്‌ഭുത കാഴ്ച വിരുന്നു. ഇത് വര്ഷങ്ങളോളമുള്ള കഠിന പ്രയത്നത്തിലൂടെ പണി കഴിച്ച ആശാരിമാരുടെ വൈദഗ്ത്യം വാനോളം പുകഴ്താതെവയ്യ. 1981 ഇൽ തുടങ്ങിയ സ്മാരക നിർമ്മാണം ഇന്നും ഇടതടവില്ലാതെ തുടരുന്നു എന്നതിൽനിന്നുതന്നെ ഭാവിയിൽ ഇതിനു വളരെ ലോകശ്രദ്ധ പിടിച്ചുപറ്റുമെന്നത് സംശയലേശമന്യേ തെളിയുന്നു. 20 വർഷത്തിലധികമായി നിർമ്മാണത്തിലിരിക്കുന്ന ഈ അത്ഭുത സ്രഷ്ടി ഇനിയും 15 വര്ഷകകൂടി എടുത്തേ പണി പൂർത്തീകരിക്കാനാകു എന്നാണ് ഏകദേശ കണക്ക്.
ഫോട്ടോഗ്രാഫിയിൽ കമ്പം ഉള്ളവർക്ക് ഇതൊരു സ്വർഗ്ഗമായി തോന്നാം. അത്രക്കുണ്ടിവിടെ…കാമറ കണ്ണുകളാൽ എത്ര ഒപ്പിയെടുത്താലും തീരാത്തത്ര. അമ്പലത്തിന്റെ നാലു പ്രധാന കോണുകൾ തായ്, കമ്പോഡിയൻ, ചൈനീസ്, ഇന്ത്യൻ എന്നീ രാജ്യങ്ങളിലെ വിശ്വാസത്തെയും ചരിത്രത്തെയും പ്രതിനിധീകരിക്കുന്നു.

