റിസര്‍വേഷന്‍ ചാര്‍ട്ട് ഓണ്‍ലൈനില്‍; ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

സ്വന്തം ലേഖകന്‍

 

ട്രെയില്‍ ടിക്കറ്റ് ബുക്കിംഗ് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്താല്‍ പോലും ചാര്‍ട്ടില്‍ പേരുണ്ടോ എന്ന് റെയില്‍വേ സ്റ്റേഷനില്‍വച്ച് മാത്രമേ പരിശോധിക്കാനാകു. എന്നാല്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറയുന്നു.

 

യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ സംവിധാനം. ഒഴിവുള്ള ബെര്‍ത്തുകളെ കുറിച്ചും, ഭാഗികമായി ബുക്ക് ചെയ്യപ്പെട്ട ബെര്‍ത്തുകളെ കുറിച്ചും ചാര്‍ട്ടില്‍നിന്നും വ്യക്തമാകും. ഇതോടെ ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടു മുന്‍പ് വരെ ആവശ്യമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുന്‍പ് ആദ്യം ചാര്‍ട്ട് ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കും. ഇതിനു ശേഷം ഒഴിവുള്ള ബര്‍ത്തുകള്‍ ബുക്ക് ചെയ്യാം. തുടര്‍ന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് അവസാന ചാര്‍ട്ട് പുറത്തുവിടും.

 

ഇതില്‍ പുതുതായി ബുക്ക് ചെയ്തവരുടെ പേര് ഉണ്ടായിരിക്കും. ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ചാര്‍ട്ട് പരിശോധിക്കാം. ഐആര്‍സിടിസി വെബ്സൈറ്റിലെ ചാര്‍ട്ട്/ വേക്കന്‍സി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ട്രെയിന്‍ നമ്പര്‍, യാത്ര തീയതി, ബോര്‍ഡിങ് സ്റ്റേഷന്‍ എന്നിവ നല്‍കി ഗെറ്റ് ട്രെയിന്‍ ചാര്‍ട്ട് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ചാര്‍ട്ട് ലഭ്യമാകും.