ഇന്ത്യയിലെ ആദ്യത്തെ ഇക്കോഓര്‍ഗാനിക് ഗ്രാമം തേടി ഒരു യാത്ര

ദിലീപ് നാരായണന്‍

 

കാളവണ്ടിയില്‍കയറിയിരുന്ന് സ്വയമോടിച്ച് , ചക്ക് തിരിച്ച് എണ്ണയാട്ടുന്ന കാളകുട്ടന്‍മാര്‍ക്കരികിലൂടെ ചാലക്കുടി പുഴയോരത്ത് ഒരു ഗ്രാമത്തിലെ നെല്‍വയലുകള്‍ക്കരികിലെ ചെമ്മണ്‍ പാതകളിലൂടെ ഒരു യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ചാലക്കുടിക്കാരനായിട്ടും രസ എന്ന ഈ ഗ്രാമത്തെ കുറിച്ച് ഞാനറിയുന്നത് വിദേശികളില്‍ നിന്നാണ്.

 

യു എ ഇയില്‍ വച്ച് ഇംഗ്ലീഷ്കാരായ സഹപ്രവര്‍ത്തകര്‍ രസയെന്ന ഇന്ത്യയിലെ ഇക്കോഓര്‍ഗാനിക് ഗ്രാമം ചാലക്കുടിയിലാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിയത് ഞാനാണ് ,കാരണം ചാലക്കുടിയില്‍ നിന്ന് വെറും 5 കിമീ ദൂരെ പുനസൃഷ്ടിച്ചെടുത്ത ഈ ഗ്രാമത്തെ കുറിച്ച് എനിക്കറിവില്ലായിരുന്നു! ചാലക്കുടിയുടെ നഗരാതിര്‍ത്തി പിന്നിട്ട് മേലൂരിലെ ചാലക്കുടി പുഴയുടെ കരയിലെ രസ യിലേക്കെത്തുമ്പോള്‍ വര്‍ഷങ്ങള്‍ പിറകിലേക്കെത്തിയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് സ്വഭാവികം മാത്രം. കാരണം ഇവിടെ ദാസ് ശ്രീധറെന്ന മലയാളി പോയകാലത്തെ മനഃപ്പൂര്‍വ്വം സൃഷ്ടിക്കുകയാണ്.

 

അതെ ഇതൊരു കേരളഗ്രാമമാണ്, ദാസ് ശ്രീധര്‍ എന്ന പച്ചയായ മനുഷ്യന്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച തന്‍റെ കുട്ടിക്കാലം.. ഇന്നലെകളില്‍ നിന്നും പെറുക്കിയെടുത്ത പ്രിയപ്പെട്ടതിനെയൊക്കെ ദാസ് ശ്രീധര്‍ ചാലക്കുടി പുഴയുടെ കരയില്‍ പുനഃസൃഷ്ടിച്ചു. അതിന് പേരും നല്‍കി രസ ഗുരുകുല്‍.. എന്താണ് രസയെന്ന് ചോദിച്ചാല്‍ ദാസ് ശ്രീധര്‍ പറയും ഇതൊരു കേരള ഗ്രാമമാണ്.. റിസോര്‍ട്ട് ആണോ എന്നു ചോദിച്ചാല്‍, വീടാണോയെന്ന് ചോദിച്ചാല്‍, സ്കൂള്‍ ആണോയെന്ന് ചോദിച്ചാല്‍.. എല്ലാത്തിനും ഉത്തരം അതെയെന്നാണ്.. കാരണം എല്ലാമുണ്ട് രസയില്‍.

 

എന്താണ് രസ ഗുരുകുല്‍? കേളത്തിന്‍റെ ഭക്ഷണത്തോടുള്ള ഭക്തിയും പ്രണയവും മൂത്ത് രസയെന്ന ഭക്ഷ്യ ശൃംഖല തുടങ്ങി അത് പിന്നെ ലോകത്തിന്‍റെ നെറുകയിലേക്കും പടര്‍ന്ന് പന്തലിച്ചപ്പോള്‍.. അതിലൊന്നിനെ മലയാളത്തിന്‍റെ മണ്ണില്‍ നടാനും മറന്നു തുടങ്ങുന്ന ഭക്ഷണ ശീലങ്ങളെ മലയാളിയ്ക്ക് തിരിച്ചു നല്‍കാനും ദാസ് ശ്രീധര്‍ എന്ന മലയാളിയുടെ ഒരു എളിയ ശ്രമം.

 

രസയുടെ ഗെയ്റ്റ് തുറന്ന് പൂച്ചെടികള്‍ അതിരിടുന്ന ചെമ്മണ്‍ പാതയിലൂടെ നടക്കുമ്പോള്‍ കാണാം ഒരു കാലത്ത് നാട്ടില്‍പുറങ്ങളുടെ മുഖമായിരുന്ന പപ്പു പിള്ളയുടെ ചായക്കട... വീണ്ടും നമ്മുടെ മനസിനെ വിസ്മയിപ്പിച്ച് ഒരു ഭാഗത്ത് കാളവണ്ടിയും മറുഭാഗത്ത് കാളക്കുട്ടന്‍മാര്‍ എണ്ണ ചക്കിലാട്ടുന്നതും കാണാം... ഇതെന്താ കാളവണ്ടിയുഗത്തിലെത്തിയൊ എന്നു വിസ്മയം തോന്നാം. ഇത് മാത്രമല്ല.. കൊല്ലന്‍റെ ആലയും കുശവന്‍റെ പാത്രനിര്‍മാണവും, എന്തിന് ഉരുളിപോലും രസയില്‍ ഉണ്ടാക്കുന്നുണ്ട്.

 

30 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന രസയിലെ ഓരോ കെട്ടിടങ്ങളും കേരളീയ വാസ്തുശാസ്ത്ര മാതൃകയില്‍ നിര്‍മിച്ചതാണ്. മുഖമണ്ഡപവും ചാരുപടിയും, നടുമുറ്റവുമുള്ള തനി നാടന്‍ കെട്ടിടങ്ങള്‍. . കാലിത്തൊഴിത്തിനു പോലും ആര്‍ക്കിടെക്ച്ചര്‍ ഫിനിഷിങ്ങ് നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്‍റീരിയര്‍ അലങ്കരിക്കുന്ന ചുവര്‍ ചിത്രങ്ങള്‍ക്കും ശില്‍പ്പങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്ക് പഴമയുടെ മനോഹാരിത പകരുന്ന തൂണുകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത് ഫെറോ സിമന്‍റാണ്. കടച്ചിക്കാലുകളും കളര്‍ ഗ്ലാസുകളുമാണ് ജനലുകള്‍ക്ക് നല്‍കിയിരിക്കുന്നു. കിളിവാതിലുകള്‍ അടക്കം കേരളീയ ശൈലിയുള്ള എലമെന്‍റുകള്‍ പരമാവധി നല്‍കിയാണ് കെട്ടിടങ്ങളുടെ നിര്‍മാണം. നിലത്തുവിരിച്ച ടൈലുകള്‍ പോലും പഴയ മാതൃകയില്‍ ഉള്ളത് തിരഞ്ഞെടുത്തു.ഗ്രാമത്തെ മാത്രമല്ല കേരള ഗൃഹനിര്‍മാണ രീതികളെക്കൂടിയാണ് ഇവിടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്.

 

രസയുടെ മുറ്റത്തുള്ള കൂത്തമ്പലത്തിലിരുന്നു മഴപെയ്യുന്നത് കാണണം..പ്രഭാതത്തില്‍ ഇവിടെ ഇരുന്നു യോഗ ചെയ്യണം.. വൈകുന്നേരങ്ങളില്‍ ഇവിടെ ഇരുന്നു സിന്ദൂരം ചൂടിയ ചാലക്കുടി പുഴയെ കാണണം.. ആര്‍ക്കും മനസു നിറയാന്‍ രസയിലെ ഈ വിഭവങ്ങള്‍ ധാരാളമാണ്. ചാലക്കുടി പുഴയെ അടുത്തുകാണാന്‍ മറ്റൊരു ബാല്‍ക്കണിയും രസയില്‍ നിര്‍മിച്ചിട്ടുണ്ട്.. നല്ലൊരു കൃഷിയിടം കൂടിയാണ് രസ ഗുരുകുല്‍. ഇവിടുത്തെ മണ്ണില്‍ വിളയുന്ന സുഗന്ധ വ്യജ്ഞനങ്ങളാണ് രുചിമുകുളങ്ങളെ ത്രസിപ്പിയ്ക്കുന്ന മസാലകൂട്ടുകളാകുന്നത്... നെല്ലുമുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെ ഇവിടെ കൃഷിചെയ്യുന്നുണ്ട്.

 

രസ ഗുരുകുലിന്‍റെ അടുക്കള ഒരു സ്കൂളാണ്.. അനാഥരായ കുട്ടികളെ കണ്ടെത്തി പാചക കല പഠിപ്പിയ്ക്കുന്നുണ്ട് ഇവിടെ.. ഇവര്‍ക്കുമാത്രമല്ല ശുദ്ധ പാചകത്തിന്‍റെ രസതത്രം പഠിക്കാന്‍ താത്പര്യമുള്ള ആര്‍ക്കും ഇവിടെ വിദ്യാര്‍ത്ഥികളാകാം.. മണ്‍മറഞ്ഞു തുടങ്ങുന്ന മലയാളത്തെ പുതുതലമുറയ്ക്ക കാണിച്ചുകൊടുക്കാന്‍ ആര്‍ക്കും രസയിലേക്കെത്താം.... ഇവിടുത്തെ പ്രകൃതിയെ അറിയാം. പാചകം പഠിയ്ക്കാം ഭക്ഷണം കഴിക്കാം. ഇവിടെ താമസിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.