അജയ് പി വേണുഗോപാല്‍
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യാത്രാഭ്രമം എന്‍റെയുള്ളില്‍ അലയടിക്കാന്‍ തുടങ്ങിയത്.ഐ ഐ ടി ഗുവാഹാത്തി പ്രോജക്ടിന് തിരഞ്ഞെടുത്തത് യാത്രകള്‍ ലക്ഷ്യം വെച്ചായിരുന്നു. മേഘങ്ങളുടെ ആലയമായ മേഘാലയയിലേക്കാണ് വയനാട്ടുകാരനായ എന്‍റെയും ചാലക്കുടിക്കാരനായ രാഹുലിന്‍റെയും ഈ യാത്ര. അങ്ങനെ യാത്ര പോകണമെന്ന മോഹവുമായി ചെന്ന് കയറിയത് റാഫിക്കെന്‍റെ മുന്നില്‍.വ്യക്തമായ പ്ലാനില്ലാത്ത എന്‍റെയും രാഹുലിന്‍റെയും മുന്നില്‍ റാഫിക്ക ദൈവദൂതനായി. അങ്ങനെ റാഫിക്ക തന്ന പ്ലാനനുസരിച്ച് മൂന്ന് ദിവസത്തെ ഞങ്ങളുടെ യാത്ര തുടങ്ങുന്നത് ഐ ഐ ടി ഗുവാഹാത്തിയില്‍ നിന്ന്. ഐ ഐ ടി യുടെ ഗ്രീന്‍വാലി ബസില്‍ ഗുവാഹത്തിയില്‍ ഇറങ്ങി. പള്‍ട്ടന്‍ബസാറില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ധാരാളം വാഹനങ്ങള്‍ യാത്രക്കാരെ കാത്തു നില്‍ക്കുന്നു. ഞങ്ങള്‍ സമോയാണ് തിരഞ്ഞെടുത്തത്.
യാത്രയിലുടനീളം നോന്‍ഗ്രീയറ്റ് ഗ്രാമവും ,വേരു പാലവും, മഴവില്ല് വെള്ളചാട്ടവും മനസില്‍ അലയടിക്കുന്നുണ്ടായിരുന്നു . യാത്രാ മദ്ധ്യേ ഉമ്മിയം തടാകം പരന്നു കിടക്കുന്നതു കാണാം. സമോയിലുരുന്നു തന്നെയാത്രികരില്‍ പകുതിപേരും തങ്ങളുടെ ഫോണുകളില്‍ തടാകത്തെ പകര്‍ത്തിയെടുത്തു. തടാകത്തെ വകവയ്ക്കാതെ സമോ കുതിപ്പ് തുടര്‍ന്നു.
തലസ്ഥാന നഗരം അതിന്‍റെ പ്രൗഡിയില്‍ തിളങ്ങി നില്‍ക്കുന്നു. കിഴക്കിന്‍റെ സ്കോട്ട് ലാന്‍ഡ് എന്ന അപരനാമത്തിലാണ് ഷില്ലോങ്ങ് അറിയപ്പെടുന്നത്.ശനിയാഴ്ച്ചയായതിനാല്‍ നഗരം കച്ചവടക്കാരാല്‍ സജീവമാണ്. പോലീസ് ബസാര്‍ കീഴടക്കി, അഞ്ചലി എന്ന പോയിന്‍റ് ലക്ഷ്യമാക്കി നടന്നു. വിശപ്പ് ശമിപ്പിക്കാന്‍ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി വയറു നിറയെ കഴിച്ചു. രണ്ട് പാക്കറ്റ് ബിസ്ക്കറ്റും വാങ്ങി ബഡാ ബസാര്‍ ലക്ഷ്യമാക്കി നടന്നു. അവിടെ നിന്നും ചിറാപുഞ്ചി അഥവാ സോഹറയിലേയ്ക്ക് മാരുതി 800 ലാണ് യാത്ര. അന്നേരം മഞ്ഞ കളര്‍ സമോ അവിടെ യാത്രക്കാരെയും കാത്ത് നില്‍പ്പുണ്ടായിരുന്നു. അഞ്ച് യാത്രക്കാരെയും താങ്ങി വണ്ടി കുതിച്ചു പായുകയാണ്. ചിറാപുഞ്ചി അടുക്കും തോറും ഭൂപ്രകൃതിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി .ഷില്ലോങ്ങില്‍ നിന്നും ചിറാപ്പുഞ്ചിയിലേയ്ക്ക് എത്താന്‍ കുഞ്ഞന്‍ കാര്‍ രണ്ടര മണിക്കൂറെടുത്തു.
ഏകദേശം അഞ്ച് മണിയോടെ ഞങ്ങള്‍ സോഹറയിലെത്തി.ഇറങ്ങിയയുടനെ ഞങ്ങള്‍ക്ക് ടെര്‍ണ ഗ്രാമത്തിലേയ്ക്ക് പോകാനുള്ള വണ്ടി കിട്ടി. പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ട്രക്കിംഗ് പോയിന്‍റായ ടെര്‍ണലേയ്ക്ക്. ബെന്‍ എന്നാണ് ഞങ്ങളുടെടെ ഡ്രൈവറുടെ പേര്. അറിയുന്ന ഇംഗ്ലീഷും ഹിന്ദിയും വെച്ച് ബെന്‍ ഞങ്ങളോട് സംസാരിച്ചുക്കൊണ്ടേയിരുന്നു. ഇരുട്ടിന്‍റെ കാഠിന്യം മൂര്‍ച്ചിച്ചുക്കൊണ്ടിരുന്നു. താറുമാറായ റോഡിലൂടെ ബെന്നിന്‍റെ 800 കിതച്ചു പാഞ്ഞു. താമസ സൗകര്യങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ടെര്‍ണ ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും ഇരുട്ട് പുതച്ചിരുന്നു. ഞങ്ങള്‍ രണ്ടു പേരും രണ്ട് മുളകമ്പുകളും വാങ്ങി ഒരു ഗൈഡിന്‍റെ സഹായത്തോടെ നോണ്‍ ഗ്രീയറ്റ് ഗ്രാമത്തിലെക്ക് നടന്നു. മൂവായിരത്തിലേറേ പടികളിറങ്ങി വേണം നോണ്‍ ഗ്രീയറ്റ് ഗ്രാമത്തിലെത്താന്‍ .ചുറ്റും ഇരുട്ട്. മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ ഗൈഡിനു പിറകെ നടന്നു.ഇനിയുള്ള രണ്ടു ദിവസം താമസവും, ഭക്ഷണവുമെല്ലാം നൊണ്‍ഗ്രിയറ്റ് ഗ്രാമത്തിലെ ജെറിയുടെ ഹോംസ്റ്റേയില്‍ നിന്നാണ്. ഏകദേശം രണ്ട് മണിക്കൂറെടുത്തു താമസസ്ഥലത്തെത്താന്‍. വേരു പാലവും മഴവില്ല് വെള്ളചാട്ടവും കീഴടക്കാനുള്ള അഭിനിവേശത്തോടെ ആ രാത്രിക്ക് വിരാമമിട്ടു.
ഇരു കരകളിലുമുള്ള ഫൈക്കസ് ഇലാസ്റ്റിക മരത്തിന്‍റെ വേരുകള്‍ കൂട്ടിയോജിപ്പിച്ചാണ് വേരു പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങളെടുത്താണ് ഒരോ വേരു പാലങ്ങളും ജന്മം കൊള്ളുന്നത്. ഖാസി ഗോത്രവര്‍ഗക്കാരാണ് ഈ ഭാഗത്ത്. ഖാസിയാണ് അവരുടെ ഭാഷ. ഇവരുടെ സംസ്കാരവും വേഷവും ഭാഷയുമെല്ലാം സന്ദര്‍ശര്‍ക്ക് കൗതുകമായി തോന്നിയേക്കാം. നോണ്‍ഗ്രീയറ്റ് ഗ്രാമത്തിലെ പ്രഭാതം വര്‍ണനകള്‍ക്കുമപ്പുറമായിന്നു. ഞങ്ങള്‍ താമസിക്കുന്നതിന്‍റെ തൊട്ടടുത്തു തന്നെയാണ് വേരുപാലം സ്ഥിതി ചെയ്യുന്നത് . അതിനാല്‍ രാവിലെ തന്നെ വേരുപാലം കാണാനുള്ള വെമ്പലോടെയിറങ്ങി. പ്രകൃതിയില്‍ മനുഷ്യന്‍ സൃഷ്ടിച്ച അത്ഭുതം. ഫോട്ടോയെടുപ്പ് തകൃതിയായി നടന്നു. വേരുപാലം കീഴടക്കിയതിന്‍റെ ആനന്ദം ഉള്ളില്‍ തിമില കൊട്ടുന്നുണ്ടായിരുന്നു.
മഴവില്ല് വെള്ളച്ചാട്ടമാണ് അടുത്ത ലക്ഷ്യം. വേരുപാലത്തിന് ബൈ പറഞ്ഞ് നടന്നു നീങ്ങി. ഏകദേശം രണ്ടര മണിക്കൂറെടുത്ത് വെള്ളചാട്ടമെത്തി. ഞാഴറാഴ്ച്ച ആയതിനാലാകാം യാത്രികരുടെയെണ്ണം വളരെ കുറവാണ്. മഴവില്ലലഴകു കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചില്ല. മഴ വില്ലനായി ഞങ്ങള്‍ക്കു മുന്നില്‍ അവതരിച്ചു. വെള്ളച്ചാട്ടത്തിന്‍റെ ഭംഗി വാക്കുകള്‍കൊണ്ട് വര്‍ണിക്കുന്നതിലുമപ്പുറമാണ്. വിശപ്പും മഴയും ഒരുമിച്ചത്തിയോടെ വെള്ളച്ചാട്ടത്തോട് ബൈ പറയേണ്ടി വന്നു. തിരിച്ച് ഹോംസ്റ്റേയില്‍ എത്തിയപ്പോഴാണ് ഞങ്ങള്‍ക്കു മുന്നില്‍ ഒരു പ്രവാസി മലയാളി പ്രത്യക്ഷപ്പെടുന്നത്. പേര് റോജര്‍ ,ഗള്‍ഫില്‍ പത്ത് വര്‍ഷമായി ജോലി ചെയ്യുന്നു. ഈ വര്‍ഷത്തെ ലീവിന് അദ്ദേഹം ധാരാളം യാത്രകള്‍ ചെയ്തു. നോര്‍ത്ത് ഇന്ത്യയില്‍ പലയിടത്തും പിന്നെ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവടങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചുകൊണ്ടിരിക്കമ്പോഴാണ് മൂന്നു മലയാളികള്‍ കൂടി രംഗ പ്രവേശം ചെയ്യുന്നത്. വിമാനം സിനിമയുടെ സംവിധായകന്‍ പ്രദീപ് നായര്‍ ,ക്യാമറമാന്‍ രാഹുല്‍, ഫോട്ടോഗ്രാഫര്‍ സൂധീര്‍. ആ രാത്രി ഖാസി സംഗീതം ആസ്വദിച്ച് ഞങ്ങളെല്ലാവരും അവിസ്മരണീയമാക്കി തീര്‍ത്തു.
ഓരോ യാത്രയുടെയും അവസാനം ഒരു വിട പറച്ചിലാണ്. എല്ലാവരോടും യാത്ര പറഞ്ഞ് നൊണ്‍ഗ്രിയറ്റ് ഗ്രാമവും വേരുപാലവും പിന്നിലാക്കി ഞങ്ങള്‍ നോഹ്കലികൈ വെള്ളച്ചാട്ടം കാണാന്‍ പുറപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് നൊഹ്കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. വരണ്ടകാലമായതിനാല്‍ വെള്ളത്തിന്‍റെ അളവ് വളരെകുറവായിരുന്നു. വളരെ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് പതിക്കുന്നത് മൂലം അഗാധമായ ഒരു ജലാശയം പതനസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട്. നീലിമയാര്‍ന്ന ഹരിതവര്‍ണ്ണത്തിലുള്ള വെള്ളം ഈ ജലാശയത്തിന്‍റെ പ്രത്യേകതയാണ്. ഒരുപാട് കാഴ്ച്ചകള്‍ മനസ്സിലേറ്റി അവിടെ നിന്നുംമടങ്ങി. മടക്കയാത്രയില്‍ മനസ് വീണ്ടും കഴിഞ്ഞപ്പോയ നിമിഷങ്ങളിലേയ്ക്കുള്ള യാത്രയിലായിരുന്നു. നോന്‍ഗ്രീയറ്റ് ഗ്രാമവും വേരു പാലവും മഴവില്ല് വെള്ളചാട്ടവും നോഹ്കലികൈ വെള്ളച്ചാട്ടവും, ഒപ്പം കാഴ്ച്ചകള്‍ക്ക് കുടപിടിക്കാന്‍ കൂറേ നല്ല ഓര്‍മ്മകളും. മനസിന്‍റ തീരങ്ങളിലെവിടെയൊക്കെയോ അവ ഇപ്പോഴും അലയടിച്ചു കൊണ്ടേയിരിക്കുന്നു.

