ഗതിമാന്‍ എക്സ്പ്രസ്സ് : ഇന്ത്യയിലെ വേഗമേറിയ തീവണ്ടി

ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രില്‍ 5 മുതല്‍ ഡെല്‍ഹിയില്‍ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാന്‍ എക്സ്പ്രസ് (Gatimaan Express). മണിക്കൂറില്‍ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ കൂടിയാണ്. ഡെല്‍ഹി മുതല്‍ ആഗ്ര വരെയുള്ള 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ തീവണ്ടിക്ക് ഏകദേശം 100 മിനിറ്റ് സമയം മതിയാകും. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയില്‍ ഓടിയിരുന്ന ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസിന് ഇത്രയും ദൂരം പിന്നിടാന്‍ 120 മിനിറ്റ് സമയം ആവശ്യമായിരുന്നു.

ഗതിമാന്‍ എക്സ്പ്രസിനു സുരക്ഷാനുമതി ലഭിക്കുന്നതിനായി റെയില്‍വേ സേഫ്രി കമ്മീഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത് 2014 ഒക്ടോബറിലാണ്.2015 ജൂണില്‍ തീവണ്ടി സര്‍വീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. തീവണ്ടിയ്ക്ക് അനുവദിച്ചത് 12049/50 എന്ന നമ്പറായിരുന്നു.2016 ഏപ്രില്‍ 5ന് ഡെല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും ആഗ്രയിലെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്കാണ് ഉദ്ഘാടനയാത്ര നടന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനയാത്രയ്ക്കു ഫ്ളാഗ് ഓഫ് നല്‍കി. ഇരു സ്റ്റേഷനുകളും തമ്മിലുള്ള 188 കിലോമീറ്റര്‍ ദൂരം 100 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന പദവി ഗതിമാന്‍ സ്വന്തമാക്കി. 1988ല്‍ ആരംഭിച്ച ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസിന്‍െറ വേഗതയാണ് ഗതിമാന്‍ മറികടന്നത്.

രാജകീയ നീലയും ചാരനിറവും ഇടയ്ക്കൊരു മഞ്ഞവരയുമാണ് തീവണ്ടിയുടെ നിറം. രണ്ട് എക്സിക്യൂട്ടീവ് ചെയര്‍കാറും എട്ട് എ.സി. ചെയര്‍ക്കാറും ഉള്‍പ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്. എ.സി. ചെയറിന് 750 രൂപയും എക്സിക്യൂട്ടീവ് എ.സി. ചെയറിന് 1500 രൂപയുമാണ് പ്രാരംഭനിരക്കുകള്‍. ഒരു വിമാനയാത്രപോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനില്‍ ഒരുക്കിയിരിക്കുന്നത്. എയര്‍ ഹോസ്റ്റസിനെപ്പോലെ യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിന്‍ ഹോസ്റ്റസുമാരുള്ള ആദ്യ തീവണ്ടിയും ഇതാണ്. സൗജന്യ വൈഫൈ, ജി.പി.എസ്. സംവിധാനം, ടെലിവിഷന്‍, ഓട്ടോമാറ്റിക് ഡോറുകള്‍, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം എന്നീ സാങ്കേതികവിദ്യകളുമുണ്ട്. ഇന്ത്യന്‍ കോണ്ടിനെന്‍റല്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണവും ലഭ്യമാണ്. താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഗതിമാന്‍ എക്സ്പ്രസിന്‍െറ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ താജ്മഹലില്‍ സന്ദര്‍ശനം അനുവദിക്കാത്തതിനാല്‍ അന്നേ ദിവസം ഒഴികെ മറ്റെല്ലാദിവസങ്ങളിലും ഗതിമാന്‍ സര്‍വീസ് നടത്തുന്നു.

സൗകര്യങ്ങള്‍ : എക്സിക്യൂട്ടീവ് കോച്ചും ചെയര്‍ക്കാറും ഉള്‍പ്പെടെ 12 കോച്ചുകള്‍ (കപൂര്‍ത്തലയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഉന്നതനിലവാരമുള്ള ലിന്‍ക്ഹോഫ്മാന്‍ബുഷ് കോച്ചുകളാണിവ), ഓട്ടോമേറ്റിക് ഡോറുകള്‍, 5500 കുതിരശക്തിയുള്ള ണഅജ 5 ഇലക്ട്രിക്കല്‍ എന്‍ജിന്‍, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ്. സംവിധാനം, ടെലിവിഷന്‍, മൈഫ്രീടിവി.ഇന്‍ എന്ന സ്വകാര്യ കമ്പനിയുടെ വൈഫൈ സംവിധാനം, മികച്ച ഭക്ഷണസൗകര്യങ്ങള്‍ (ഇന്ത്യന്‍ റെയില്‍വേ ക്യാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് ഭക്ഷണം വിളമ്പുന്നത്), ഒരു വിമാനയാത്ര പോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങള്‍, സഹായത്തിനായി ഹോസ്റ്റസുമാര്‍.

തുടക്കത്തില്‍ ആഗ്രയിലേക്കായിരുന്നു സര്‍വ്വീസ് എങ്കിലും പിന്നീട് അത് ഝാന്‍സി വരെയാക്കി. ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് രാവിലെ 8:10ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.15ന് ഝാന്‍സിയിലെത്തിച്ചേരും. ഝാന്‍സിയില്‍ നിന്ന് വൈകിട്ട് 03:05 ന് പുറപ്പെടുകയും 7:30ന് നിസാമുദ്ദീനില്‍ എത്തിച്ചേരുകയും ചെയ്യുന്നു. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും സര്‍വീസ് നടത്തുന്നുണ്ട്.