ട്രെയിന്‍ ടിക്കറ്റ് എടുക്കാം; പണം പിന്നീട് നല്‍കാം.. എങ്ങനെ?

ട്രെയിനില്‍ ടിക്കറ്റ് എടുക്കാന്‍ ഇനി ഉടനടി പണം നല്‍കേണ്ട ആവശ്യമില്ല. ഐആര്‍സിടിസി സൈറ്റിലൂടെ തത്കാല്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ (Indian Railway) പുതിയ പദ്ധതി അവതരിപ്പിച്ചു. 2017 ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വന്ന ഈ പദ്ധതി പ്രകാരം 14 ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റിന്‍െറ പണം അടച്ചാല്‍ മതി.

അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് എന്ന കമ്പനിയുടെ 'ഇപേയ്മെന്‍റ് ലേറ്റര്‍' എന്ന പേരിലുള്ള പദ്ധതിയുമായി സഹകരിച്ചാണ് ഐആര്‍സിടിസി ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ അവസരമൊരുക്കിയിരിക്കുന്നത്. പണമിടപാട് നടത്തുമ്പോള്‍ ഇപേയ്മെന്‍റ് ലേറ്റര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.

ഐആര്‍സിടിസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ അഡ്രസിലേക്കും, ഫോണ്‍ നമ്പറിലേക്കും പേയ്മെന്‍റ് ലിങ്ക് ലഭിക്കും. ഈ ലിങ്കിലൂടെ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടച്ചാല്‍ മതിയാകും. എന്നാല്‍ ടിക്കറ്റ് തുകയുടെ 3.50 ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിന് പുറമെ നികുതിയും നല്‍കേണ്ടതുണ്ട്. എന്നാല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കിയ ശേഷവും പണം നല്കാത്തവരുടെ ഐആര്‍സിടിസി അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.