സൗദി ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം

സ്വന്തം ലേഖകന്‍

ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ സൗദി അറേബ്യ. വിദേശ ഫാര്‍മസിസസ്സുകളെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറച്ചുവരികയാണ് ലക്ഷ്യം. അടുത്ത വര്‍ഷത്തോടെ ഈ മേഖലയില്‍ രണ്ടായിരം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കും. വിദേശ ഫാര്‍മസിസ്റ്റുകളുടെ എണ്ണം പ്രതിവര്‍ഷം 6.7 ശതമാനം തോതില്‍ കുറക്കാനുള്ള പദ്ധതിയാണ് തൊഴില്‍ മന്ത്രാലയം നടപ്പാക്കാന്‍ തയ്യാറാകുന്നത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പുവെച്ച് ഫാര്‍മസി മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ മന്ത്രാലയം ഊര്‍ജിതമായി ശ്രമിക്കുന്നുണ്ടെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹമദ് അല്‍റാജ്ഹി പറഞ്ഞു.

 

അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദി ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തില്‍ 149 ശതമാനം വര്‍ധന സൗദി ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ കാലയളവില്‍ 12,377 സൗദി യുവങ്ങള്‍ ഫാര്‍മസിസ്റ്റ് കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങും. സൗദി ഫാര്‍മസിസ്റ്റുകളില്‍ 40 ശതമാനം പേര്‍ക്ക് കഴിഞ്ഞ അഞ്ചു മാസത്തിനിടെ തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ 14,338 പേര്‍ ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 12,256 പേര്‍ വിദേശികളാണ്. ബാക്കി 2082 പേര്‍ സ്വദേശികളും.