കോവിഡ് ചികിത്സക്ക് യുഎഇയില്‍ മൂന്ന് ആശുപത്രികള്‍ കൂടി തുറക്കുന്നു

സ്വന്തം ലേഖകന്‍

 

ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിനു പിന്നാലെ രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ അബുദാബിയിലും ഒരെണ്ണം ദുബായിലും തുറക്കുന്നു. 3400 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ ഇതില്‍ സൗകര്യമുണ്ടാകും. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദ്ദേശപ്രകാരം അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനിയായ സേഹ ആണ് ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നത്.

 

അത്യാധുനിക സൗകര്യങ്ങളോടെ ആണ് ആശുപത്രിയുടെ നിര്‍മ്മാണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ, ടിവി, ഹൈസ്പീഡ് ഇന്‍റര്‍നെറ്റ്, ഐപാഡ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ഇതിലുണ്ട്. രോഗികളുടെ മാനസിക ഉല്ലാസത്തിനും വിനോദ പരിപാടികള്‍ക്കുമായി സിനിമയും മറ്റ് സൗകര്യങ്ങളും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. മെയ് ആദ്യവാരം മുതലാണ് ഇവിടേക്ക് രോഗികളെ പ്രവേശിപ്പിക്കുക.

 

അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഹ്യൂമാനിറ്റീസ് സിറ്റിയിലെ ആശുപത്രി, അബുദാബി എക്സിബിഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന ആശുപത്രി എന്നിങ്ങനെ രണ്ട് ആശുപത്രികളാണ് അബുദാബിയില്‍ ഒരുങ്ങുന്നത്. ദുബായിലെ ആശുപത്രി ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ടിലും ആണ്. ഇതില്‍ ദുബായിലെ ആശുപത്രി ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകും.