സ്വന്തം ലേഖകന്‍
രക്ഷിതാക്കള്‍ക്കൊപ്പം യു.എ.ഇ. സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കും. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും വിദേശികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ യു.എ.ഇ. മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാല്‍ നടപ്പിലാക്കിയിരുന്നില്ല. പുതിയ തീരുമാനം നടപ്പാകുന്ന ആദ്യ വര്‍ഷമാണിത്. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ കുട്ടികള്‍ക്ക് വിസ സൗജന്യമായിരിക്കും.
കുട്ടികള്‍ക്ക് സൗജന്യ വിസ ലഭിക്കണമെങ്കില്‍ രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം യു.എ.ഇയിലെത്തുന്നത്. രക്ഷിതാവിന്‍റെ വിസയുടെ കാലാവധി പ്രശ്നമല്ല 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ആനൂകൂല്യം ലഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്‍റെ വെബ്സൈറ്റ് വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം.

