ഖത്തറില്‍ പിതാവിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ മക്കള്‍ക്കും ജോലി ചെയ്യാം

സ്വന്തം ലേഖകന്‍

 

ഖത്തറില്‍ പിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന 18 നു മുകളില്‍ പ്രായമുള്ള ആണ്‍ മക്കള്‍ക്കും വിസ മാറാതെ ജോലി ചെയ്യാന്‍ അനുമതി. സ്പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ തൊഴില്‍ മന്ത്രാലയത്തില്‍നിന്ന് അനുമതി തേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അനുമതി ലഭിച്ചാല്‍ ആഭ്യന്തര മന്ത്രാലയം വിസ അനുവദിക്കും.

 

പിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറാതെ ജോലി ചെയ്യാന്‍ നിലവില്‍ പ്രവാസികളുടെ പെണ്‍മക്കള്‍ക്കു മാത്രമാണ് അനുമതി. ഇതാണ് ആണ്‍കുട്ടികള്‍ക്കും ബാധകമാക്കിയത്. ഇത്തരക്കാരെ ജോലിക്കെടുക്കാന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, അംഗീകൃത ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് തൊഴില്‍ മന്ത്രാലയം താല്‍ക്കാലിക വിസ അനുവദിക്കും. ഒന്നു മുതല്‍ ആറു മാസം വരെയാണ് താല്‍ക്കാലിക തൊഴില്‍ വിസ കാലാവധി. ഒരു മാസത്തേക്ക് 300 റിയാല്‍, രണ്ടു മാസത്തേക്ക് 500 റിയാല്‍, മൂന്നു മുതല്‍ ആറു മാസത്തേക്ക് ഒരു മാസം 200 റിയാല്‍ വീതവുമാണ് വിസ ഫീസ്.