60 വയസ്സ് കഴിഞ്ഞ അവിദഗ്ദധ തൊഴിലാളികളുടെ വിസ പുതുക്കില്ലെന്ന് കുവൈറ്റ്

സ്വന്തം ലേഖകന്‍

 

കുവൈത്തിലെ അവിദഗ്ദധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി 60വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പതിനെട്ടാം നമ്പര്‍ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാകുക.

 

ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍,മാധ്യമ പ്രവര്‍ത്തകര്‍ , നിയമ വിദഗ്ധര്‍, സ്പെഷ്യലിസ്റ്റുകള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, സ്വകാര്യ സ്ഥാപനത്തിലെ ബിസ്നസ് പങ്കാളികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷനുകളെ പുതിയ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നവര്‍, ഡ്രൈവര്‍മാര്‍, മന്ദൂപുമാര്‍ തുടങ്ങിയ അവിദഗ്ധ തൊഴിലാളികള്‍ക്കായിരിക്കും തീരുമാനം ബാധകമാകുക. 60 വയസ്സിന് താഴെയുള്ളവര്‍ക്ക് ജോലിയില്‍ കൂടുതല്‍ മികവ് തെളിയിക്കാന്‍ പറ്റുമെന്നതും പുതിയ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ച ഘടകമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളികള്‍ അടക്കം ആയിരക്കണക്കിനു ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ പുതിയ തീരുമാനം കാരണമാകുമെന്നാണ് കരുതുന്നത്.