പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്

സ്വന്തം ലേഖകന്‍

 

അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്സ് സെയില്‍സ് മാനേജര്‍ സുധീര്‍മേത്തയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.

 

ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴു ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഈ ഇളവ് ലഭിക്കും. നാടിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് കാലാകാലങ്ങളായി ഉയര്‍ന്ന യാത്രാനിരക്ക് മൂലമുള്ള ബുദ്ധിമുട്ടിന് ഒരു പരിധി വരെ നോര്‍ക്ക ഫെയര്‍ ആശ്വാസകരമാകും. നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുടമകള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതല്‍ ലഭിക്കും. നേരത്തേ നോര്‍ക്ക റൂട്ട്സും ഒമാന്‍ എയര്‍വേയ്സുമായി ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നോര്‍ക്ക ഫെയര്‍ ഒമാന്‍ എയര്‍വേയ്സില്‍ നിലവില്‍ ഉണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, ജോയിന്‍റ് സെക്രട്ടറി കെ.ജനാര്‍ദ്ദനന്‍, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു. കുവൈറ്റ് എയര്‍വേയ്സിന്‍റെ വെബ്സെറ്റിലൂടെയും എയര്‍വേയ്സിന്‍റെ ഇന്ത്യയിലെ സെയില്‍സ് ഓഫീസുകള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.