സ്വന്തം ലേഖകന്‍
കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സൗദിയില്‍ മുഴുവന്‍ ഷോപ്പിംഗ് മാളുകളും കൊമേഴ്സ്യല്‍ കോംപ്ലക്സുകളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, മാളുകള്‍ക്കുള്ളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും ഉത്തരവ് ബാധകമല്ലെന്ന് ബലദിയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി പത്രമായ സബ്ഖ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച മുതല്‍ ഇത് നടപ്പാക്കും. ഹോട്ടലുകളും വിനോദ കേന്ദ്രങ്ങളും അടക്കാനും നിര്‍ദ്ദേശമുണ്ട്. മാളുകളില്‍ വിനോദ പരിപാടികള്‍ക്കും വിലക്കുണ്ട്. റിയാദില്‍ റസ്റ്ററന്‍റുകളിലെ വില്‍പന പാര്‍സലുകളില്‍ മാത്രമായി പരിമിതപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. കോഫി ഷോപ്പുകള്‍ക്കും ഇത് ബാധകമാണ്.
ഇന്ത്യയടക്കം 50 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ തുറമുഖ അതോറിറ്റി തീരുമാനിച്ചു. ഇന്ത്യക്കുപുറമേ പാകിസ്താന്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഇറാഖ്, ലബനാന്‍, ഇറാഖ് ചൈന തുടങ്ങി 50 രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കാണ് വിലക്ക്. എന്നാല്‍ ചരക്ക് കപ്പലുകള്‍ക്ക് വിലക്കില്ല. അതിനിടെ, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി സൗദി മോണിറ്ററിങ് ഏജന്‍സി 50 ബില്യണ്‍ റിയാലിന്‍റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

